ചരിത്രത്തിലേക്ക് ഗോളടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ; അണ്ടർ-17ൽ ആദ്യകിരീടം

ജമ്മു ∙ ആദ്യജയം തേടി കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് അനിയന്മാരുടെ വക ഗംഭീര സമ്മാനം. ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-17 ആൺകുട്ടികളുടെ ഫുട്ബോളിൽ ചരിത്രത്തിലാദ്യമായി കേരളം കിരീടം ചൂടി. എതിരില്ലാത്ത ഒരു ഗോളിന് ഹരിയാനയെ തോൽപിച്ചാണു കേരളത്തിന്റെ മിന്നുന്ന ജയം. രണ്ടാം പകുതിയിൽ കേരളത്തിനു വേണ്ടി വൈസ് ക്യാപ്റ്റൻ അബു താഹിറാണ് ഗോൾ നേടിയത്.

രാവിലെ നടന്ന സെമി ഫൈനലിൽ മണിപ്പൂരിനെ തോൽപിച്ചാണ് കേരളം ഫൈനലിലെത്തിയത്. വൈകിട്ട് മൂന്നോടെ നടന്ന ഫൈനലിലാണു ഹരിയാനയെ കീഴടക്കിയത്. കഴിഞ്ഞ വർഷം ആൻഡമാൻസിൽ നടന്ന ഫൈനലിൽ ടൈബ്രേക്കറിൽ ഹരിയാനയോടു പരാജയപ്പെട്ടതിനു മധുരപ്രതികാരം കൂടിയായി കേരളത്തിന്റെ വിജയം.

കിരീടം നേടിയതോടെ ഖേലോ ഇന്ത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളം യോഗ്യത നേടി. എസ്.തേജസ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള കേരള ടീമിന്റെ പരിശീലകൻ ആന്റണി ജോർജും മാനേജർ പി.ദിലീപുമാണ്. അബു താഹിർ, എം.എം.വിശാഖ് എന്നിവരാണ് മണിപ്പൂരിനെതിരെ ഗോൾ നേടിയത്.