വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം; ഗുജറാത്തിൽ ഏഴിടത്ത് റീപോളിങ്

അഹമ്മദാബാദ്∙ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം നാളെ. ഹിമാചൽപ്രദേശിലും നാളെയാണ് വോട്ടെണ്ണൽ. രണ്ടിടത്തും ബിജെപി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകൾ ഒന്നടങ്കം പ്രവചിക്കുന്നത്. ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം വീണ്ടും മുറുകുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാർദിക് പട്ടേലും അൽപേശ് ഠാക്കൂറും രംഗത്തെത്തി.

ഇതേസമയം, യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാൻ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകൾ കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളിൽ ഇന്നു റീപോളിങ് നടക്കും. എന്നാൽ റീപോളിങ്ങിനു കാരണമെന്തെന്നു കമ്മിഷൻ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം. ദലിത് നേതാവ് ജിഗ്നേശ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിങ്.

പരീക്ഷണ പോളിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രങ്ങളിൽ നിന്നു മാറ്റുന്നതിൽ പോളിങ് ഓഫിസർമാർ വീഴ്ചവരുത്തിയ ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളിൽ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും എണ്ണണമെന്നും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട് രസീതുകൂടി എണ്ണണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചതിനു പിന്നാലെയാണു വോട്ടിങ് യന്ത്രങ്ങളിൽ വൻ കൃത്രിമം നടത്താൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആരോപണവുമായി ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. പട്ടാൻ, ബനാസ്കാന്ത ജില്ലകളിൽ വ്യാപകമായ തിരിമറി നടന്നതായി സംശയമുണ്ടെന്നു കോൺഗ്രസ് സ്ഥാനാർഥിയും പിന്നാക്ക ഐക്യവേദി നേതാവുമായ അൽപേശ് ഠാക്കൂറും ആരോപിച്ചു.