‘ചക്രവർത്തിയെ’ തറപറ്റിച്ച് വഡ്ഗാമിൽ ജിഗ്‌നേഷ് മേവാനിയുടെ കിരീടധാരണം

വഡ്ഗാം (ഗുജറാത്ത്)∙ ഒരു വർഷം മുൻപു വരെ ഗൂഗിളിലെ തിരച്ചിലിൽ പോലും ലഭിക്കുമായിരുന്നില്ല ജിഗ്‌നേഷ് മേവാനി എന്ന മുപ്പത്തിയഞ്ചുകാരനെപ്പറ്റിയുള്ള കാര്യമായ വിവരങ്ങൾ. എന്നാൽ 2016 ഓഗസ്റ്റിൽ ഗുജറാത്തിലുണ്ടായ ദലിത് മുന്നേറ്റം അതെല്ലാം മാറ്റിമറിച്ചു. ഇന്ന്, ഗുജറാത്ത് വോട്ടെണ്ണൽ ദിവസം, ട്വിറ്ററിൽ‌ ഏറ്റവുമധികം പേർ ചർച്ച ചെയ്യുന്ന വ്യക്തികളിലൊരാൾ ജിഗ്‌നേഷാണ്. ഗുജറാത്ത് മുഖ്യമന്ത്രി പോലും ട്രെൻഡിങ്ങിൽ ജിഗ്നേഷിനു താഴെ.

ജീവിതത്തിലാദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം ബാനസ്കാന്ത ജില്ലയിലെ വഗ്ഡാം മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ നേടിയത് മിന്നും വിജയം. 2012ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം കൊയ്ത മണ്ഡലം കൂടിയാണിത്. അന്ന് മനിലാൽ ജീതാഭായ് വഗേല 90375 വോട്ടു നേടിയാണു വിജയിച്ചത്. ഇത്തവണ നിർണായകഘട്ടത്തിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥിയെ ഇവിടെ നിന്നു പിൻവലിക്കുകയും ചെയ്തു.

പട്ടേൽ സമുദായക്കാർക്കും ഏറെ സ്വാധീനമുള്ള ജില്ലയാണ് ബാനസ്കാന്ത. ഗുജറാത്തിൽ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയ ജില്ലകളിലൊന്നു കൂടിയാണിത്. ബിജെപിക്കെതിരെ ഇത്തരത്തിൽ സംഘടിതശക്തികൾ ഒന്നിക്കുകയും ദലിത് മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ മുഖം എന്ന നിലയില്‍ ജിഗ്‌നേഷിന്റെ പ്രതിച്ഛായ വർധിക്കുകയും ചെയ്തതോടെ വിജയം അനായാസമായി.

ബിജെപിയുടെ ചക്രവർത്തി ഹർഖാഭായിയെയാണ് ഈ മുൻ മാധ്യമപ്രവർത്തകൻ തറപറ്റിച്ചത്. ചക്രവർത്തിക്കു നേടാനായത് 63,453 വോട്ടുകൾ മാത്രം. അതോടെ 17,470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ജിഗ്നേഷിനൊപ്പം പോന്നു.

ഗുജറാത്തിലെ ഉനയിൽ ദലിതരെ പശുസംരക്ഷണവാദികൾ നഗ്നരാക്കി കെട്ടിയിട്ടു മർദിച്ചത് രാജ്യമെമ്പാടും വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാനത്തുയർന്നു വന്ന പ്രതിഷേധത്തീയ്ക്കു തുടക്കമിട്ടത് ജിഗ്‌നേഷിന്റെ നേതൃത്വത്തിലായിരുന്നു. അന്നു രൂപവത്കരിക്കപ്പെട്ട ദലിത് സംഘടനകളുടെ കൂട്ടായ്മയായ ‘ഉനാ ദലിത് അത്യാചാർ ലടത് സമിതി’യുടെ കൺവീനറാണ് ജിഗ്‌നേഷ്.

ചലോ ഉന, ദലിത് അസ്മിത എന്നീ യാത്രകളിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ്, ഇന്ന് ദലിത് സമൂഹത്തിന്റെ പുതിയ പ്രതീക്ഷ കൂടിയാണ്. നരേന്ദ്ര മോദിയുടെ ജില്ലയായ മേസാനയിൽ ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ തന്നെ അഹമ്മദാബാദിലേക്ക് ചേക്കേറി. നിയമബിരുദധാരിയാണ്. കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു.

ഉനയിലെ അക്രമത്തിനു പിന്നാലെ ചമാർ സമുദായത്തിലെ ഇരുപതിനായിരത്തോളം കുടുംബങ്ങൾ തങ്ങളിനി പശുത്തോൽ വേർപെടുത്തൽ, അവയെ സംസ്കരിക്കൽ തുടങ്ങിയ വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെടില്ലെന്ന് അഹമ്മദാബാദിൽ നടന്ന മഹാസമ്മേളനത്തിൽ പ്രതിജ്ഞയെടുത്തിരുന്നു. ദലിതർക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി, തോട്ടിപ്പണിക്കും കന്നുകാലികളുടെ ത്വക്ക് നീക്കം ചെയ്യുന്ന ജോലിക്കും പകരം തൊഴിൽ എന്നിവയുൾപ്പെടെയുള്ള 

ആവശ്യങ്ങളാണ് പ്രധാനമായും ജിഗ്‌നേഷ് മുന്നോട്ടു വച്ചിട്ടുള്ളതും. ഇക്കാര്യം കോൺഗ്രസ് തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുമായി ചർച്ചയ്ക്കു പോലുമില്ലെന്നു വ്യക്തമാക്കിയ ജിഗ്‌നേഷ് പക്ഷേ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് കോൺഗ്രസ് പിന്തുണ ഉറപ്പാക്കിയതും.

അതേസമയം കോൺഗ്രസ് എന്നല്ല, ഒരു രാഷ്ട്രീയപാർട്ടിയോടും ഞങ്ങൾക്ക് ആഭിമുഖ്യമില്ലെന്നും ജിഗ്‌നേഷ് നയം വ്യക്തമാക്കിയിട്ടുണ്ട്. ‌ബിജെപി‌യെ തോൽപിക്കുക മാത്രമാണു ലക്ഷ്യമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. വൈകാതെ തന്നെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നതിന്റെ സൂചനയും ജി‌ഗ്‌നേഷ് ഇതിനോടകം നൽകിക്കഴിഞ്ഞു. അതിനു നാന്ദി കുറിക്കുന്ന വിജയമാണ് വഡ്ഗാം ഈ യുവനേതാവിനു സമ്മാനിച്ചിരിക്കുന്നതും.