അമിട്ടു പോലെ പൊട്ടി എക്സിറ്റ് പോളുകൾ; ബിജെപിക്ക് സീറ്റ് കുറഞ്ഞു, കോൺഗ്രസിനു കൂടി

ഗുജറാത്തിൽ ബിജെപി വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ.

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം എല്ലാവരും പ്രവചിച്ചെങ്കിലും എക്സിറ്റ് പോളുകളിൽ പറഞ്ഞ ഭൂരിപക്ഷം പലർക്കും തെറ്റി. ബിജെപിയും കോൺഗ്രസും നേടുന്ന സീറ്റുകളുടെ എണ്ണം പ്രവചിച്ചതിലാണ് മിക്ക എക്സിറ്റ് പോളുകളും പരാജയപ്പെട്ടത്. രാജ്യത്തെ പ്രമുഖ എക്സിറ്റ് പോളുകളിലെല്ലാം പ്രവചിച്ചിരുന്നത് 110ലേറെ സീറ്റു നേടി ബിജെപി വിജയം കൊയ്യുമെന്നായിരുന്നു. കോൺഗ്രസ് ബിജെപിക്ക് കാര്യമായ വെല്ലുവിളി പോലുമാകില്ലെന്നും പ്രചനമുണ്ടായി.

എന്നാൽ ബിജെപിക്ക് നേടാനായത് 99 സീറ്റുകൾ മാത്രം. 2012നേക്കാൾ 16 സീറ്റിന്റെ കുറവ്. കോൺഗ്രസാകട്ടെ വോട്ടെണ്ണലിന്റെ ആരംഭം മുതൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തി ഒപ്പത്തിനൊപ്പം വരികയും ചെയ്തു. അവസാന കണക്കിൽ കോൺഗ്രസിനു ലഭിച്ചത് 77 സീറ്റുകളും. മുൻ വർഷത്തേക്കാൾ 16 സീറ്റ് കൂടുതൽ. എൻസിപി ഒരു സീറ്റും ഭാരതീയ ട്രൈബൽ പാർട്ടി രണ്ടും സ്വതന്ത്രർ മൂന്നു സീറ്റുകളും സ്വന്തമാക്കി.

എക്സിറ്റ് പോളുകളിൽ എന്താണു സംഭവിച്ചത്?

∙ ബിഹാർ, കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ആക്സിസ്. ഇത്തവണ ഇന്ത്യാടുഡേയ്ക്കൊപ്പം ചേർന്ന് നടത്തിയ എക്സിറ്റ് പോളിൽ ആക്സിസ് പ്രവചിച്ചത് ഗുജറാത്തിൽ ബിജെപി 99 മുതൽ 113 വരെ സീറ്റു നേടുമെന്നായിരുന്നു. കോൺഗ്രസാകട്ടെ 68 മുതൽ 82 വരെയും. പ്രവചനം തെറ്റിയില്ല. എന്നാൽ മറ്റു പാർട്ടികൾ സീറ്റൊന്നും നേടില്ലെന്ന ആക്സിസ് പ്രവചനം തെറ്റി. 

∙ ഗ്രാഫ്നൈലിന്റെ എക്സിറ്റ് പോളിൽ ബിജെപിക്ക് 99 സീറ്റാണു പ്രവചിച്ചത്. കോൺഗ്രസിന് 62ഉം. ബിജെപിയുടേത് കൃത്യമായപ്പോൾ കോൺഗ്രസിന്റേതു തെറ്റി. മറ്റുള്ളവർ 21 സീറ്റുകൾ നേടുമെന്ന പ്രവചനവും പാളി.

∙ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമാൺ ടിവി ബിജെപിക്ക് 104 സീറ്റുകളായിരുന്നു പ്രവചിച്ചത്. കോൺഗ്രസിനാകട്ടെ 74ഉം. മറ്റുള്ളവർ നാലു സീറ്റു നേടുമെന്നും. മറ്റുള്ളയെ അപേക്ഷിച്ച് ഏകദേശം അടുത്തു വന്നു ഈ പ്രവചനം.

∙ റിപ്പബ്ലിക്– ജൻ കി ബാത്തിന്റെ പ്രവചനമായിരുന്നു അമിട്ടു പോലെ പൊട്ടിയത്. 142 സീറ്റുവരെ ബിജെപി നേടുമെന്നായിരുന്നു ചാനലിന്റെ പ്രവചനം. കോൺഗ്രസിന് 50–65 സീറ്റു മാത്രമേ ലഭിക്കുള്ളൂവെന്നും റിപ്പബ്ലിക് പ്രവചിച്ചു. എല്ലാം പാളി.

∙ എബിപി ന്യൂസ് (ലോക്നീതി സിഎസ്ഡിഎസ്) സർവേ പ്രകാരം ബിജെപിക്ക് 117 സീറ്റുകളാണ് പ്രവചിച്ചത്. കോൺഗ്രസിന് 64ഉം. മറ്റു പാർട്ടികൾ ഒരു സീറ്റു നേടിമെന്നും. മൂന്നു കണക്കുകളും പാളി.

∙ ടിവി 9– സിവോട്ടർ എക്സിറ്റ് പോളിലും പ്രവചനം ബിജെപിക്ക് 117 സീറ്റെന്നായിരുന്നു. കോൺഗ്രസിന് 64ഉം. കണക്കുകൾ തെറ്റി.

∙ വിഎംആർ–ടൈംസ് നൗ പ്രവചിച്ചത് ബിജെപിക്ക് 108 മുതൽ 118 വരെ സീറ്റെന്നായിരുന്നു. പക്ഷേ ബിജെപി 108 തൊട്ടില്ല. കോൺഗ്രസ് 61 മുതൽ 71 വരെ സീറ്റെന്നും പ്രവചിച്ചു. പക്ഷേ പാർട്ടി 71ഉം കടന്ന് 77ൽ എത്തി. കണക്കുകളാകെ തെറ്റി.

∙ വിഡിപി അസോഷ്യേറ്റ്സ് നടത്തിയ പ്രവചനത്തിൽ 108–118 സീറ്റ് ബിജെപി നേടുമെന്നായിരുന്നു. കോൺഗ്രസ് 37ഉം. എല്ലാം തെറ്റി.

∙ സിഎൻഎക്സ്–സമയ് ബിജെപിക്ക് പ്രവചിച്ചത് 110–120 സീറ്റുകളായിരുന്നു. കോൺഗ്രസാകട്ടെ 65 മുതൽ 75 വരെയും. എക്സിറ്റ് പോൾ പാളി.

∙ ടുഡേയ്സ് ചാണക്യ ബിജെപിക്കു പ്രവചിച്ചത് 135 സീറ്റ്. കോൺഗ്രസ് നേടുമെന്നു പറഞ്ഞതാകട്ടെ വെറും 47 സീറ്റും. രണ്ടും പാളി.