ഭീകരാക്രമണം ഒഴിവാക്കാൻ സിഐഎ സഹായം; ട്രംപിന് നന്ദി പറഞ്ഞ് പുടിൻ

വാഷിങ്ടൻ∙ റഷ്യയിലെ പ്രധാനനഗരമായ സെന്റ് പീറ്റേഴ്സ്ബർഗ് ലക്ഷ്യമിട്ട ഭീകരാക്രമണം സിഐഎ കൈമാറിയ നിർണായക വിവരത്തിലൂടെ റഷ്യൻ പൊലീസിനു തകർക്കാനായ‌തായി റിപ്പോർട്ട്. നിരവധി റഷ്യൻ ജീവനുകൾ പൊലിഞ്ഞേക്കാമായിരുന്ന ദുരന്തത്തിൽനിന്നു രാജ്യത്തെ രക്ഷിച്ചതിനു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുഎ‍സ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നന്ദി അറിയിച്ചു, വൈറ്റ് ഹൗസ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സമാന പ്രസ്താവന റഷ്യയും പുറത്തിറക്കിയിരുന്നു.

യുഎസിന്റെ സിഐഎ നൽകിയ വിവരം അനുസരിച്ചു നഗരത്തിന്റെ തിരക്കേറിയ സ്ഥലത്തു ചാവേർ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറസ്റ്റ് ചെയ്തു. ഭീകരരെ തുരത്തുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പുടിന്റെ ഫോൺ വിളിയിൽ ട്രംപ് സംസാരിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു.

സിഐഎ ‍മേധാവി മൈക്ക് പോംപിയോയ്ക്കും പുടിൻ നന്ദി അറിയിച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെ ട്രംപും പോംപിയോയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.