ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ സ്മൃതി ഇറാനി? ഹിമാചലിൽ സാധ്യത നഡ്ഡയ്ക്ക്

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ബിജെപിയിൽ സജീവമായി. ഗുജറാത്തിൽ വിജയ് രൂപാണിക്ക് മുഖ്യമന്ത്രി കസേരയിൽ ഒരവസരം കൂടി നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം പേരുടെയും നിലാപാട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണനയിലുണ്ട്.

ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ മുഖ്യമന്ത്രി ആകുമെന്നാണ് സൂചന. മുതിർന്ന എംഎൽഎ ജയറാം താക്കൂറും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹിമാചലിലേക്കു ബിജെപി നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, നരേന്ദ്ര സിങ് തോമർ എന്നിവരെ നിയോഗിച്ചു. 

കടുത്ത പോരാട്ടത്തിനൊടുവിൽ ആറാം തവണയും അധികാരം പിടിച്ചെങ്കിലും ഗുജറാത്തിൽ സീറ്റുകളുടെ എണ്ണം കുറഞ്ഞത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വീഴ്ചകൾ പരിഹരിക്കാനും മുഖം മിനുക്കലും ലക്ഷ്യമിട്ടാകും സർക്കാർ രൂപീകരണം. രാജ്കോട്ട് വെസ്റ്റിൽ നിന്ന് ജയിച്ച വിജയ് രൂപാണിക്ക് നേതാക്കളെ ഒന്നിച്ചു നിർത്താനുള്ള കഴിവു പരിഗണിച്ച് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. പട്ടേൽ വിഭാഗങ്ങളെ അനുനയിപ്പിക്കാൻ നിതിൻ പട്ടേലിന് മുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം നൽകണമെന്ന വിലയിരുത്തലുമുണ്ട്.

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി, ഉപരിതല ഗതാഗത സഹമന്ത്രിയും സൗരാഷ്ട്രയിലെ പാട്ടിദാർ നേതാവുമായ മൻസുഖ് മാണ്ഡവ്യ, കർണാടക ഗവർണറും ഗുജറാത്ത് മുൻ സ്പീക്കറുമായ വജുഭായ് വാല എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയിലുണ്ട്. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്മൃതി ഇറാനി നിഷേധിച്ചു. 

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരെയാണ് സർക്കാർ രൂപീകരണ നീക്കങ്ങളുടെ നിരീക്ഷകരായി ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചിട്ടുള്ളത്. ആർഎസ്എസിന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.