ദിലീപ്–മഞ്ജു പ്രശ്നങ്ങൾക്ക് നടിയും കാരണമായെന്ന് കാവ്യ; ഇടപെട്ടിട്ടില്ലെന്ന് മുകേഷ്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകളുമായി കാവ്യാ മാധവനും മുകേഷും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ഇരുവരും നൽകിയ മൊഴി ‘മനോരമ ന്യൂസിനു’ ലഭിച്ചു. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിൻ’ ചെയ്ത് പറയുന്നയാളാണെന്നു കാവ്യ മൊഴി നൽകി. ഇത്തരം കാര്യങ്ങൾ കുടുബത്തെ ബാധിക്കുന്നത് പ്രശ്നമാണ്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് നടിയും കാരണമായിട്ടുണ്ട്.

‘മഴവില്ലഴകിൽ അമ്മ’ ഷോയുടെ റിഹേഴ്സൽ ക്യാംപിലടക്കം ദിലീപിനെയും തന്നെയും പറ്റി നടി പറഞ്ഞിരുന്നു. താനും ദിലീപും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഫോട്ടോയെടുത്ത് നടി മഞ്ജുവിന് അയച്ചുകൊടുത്തു. ഇക്കാര്യം ദിലീപ് പറഞ്ഞാണ് അറിഞ്ഞത്. 2012ലാണ് പ്രശ്നം രൂക്ഷമായത്. അതിന് നടിയും കാരണമായിട്ടുണ്ട്. തന്നെക്കുറിച്ചും ദിലീപിനെക്കുറിച്ചും ബിന്ദു പണിക്കരോടും കൽപനയോടും പറ‍ഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം താനാണെന്ന് നടി പലരോടും പറഞ്ഞു. ഇക്കാര്യം ബിന്ദു പണിക്കരാണ് ദിലീപിനെ അറിയിച്ചത്.

‘അമ്മ’ ക്യാംപിലെ സംഭവത്തിനു ശേഷം നടിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പക്ഷേ ക്യാംപിലെ സംഭവത്തെപ്പറ്റി നടൻ സിദ്ദീഖിനോടു പരാതി പറഞ്ഞിരുന്നു. ഇനി ആവശ്യമില്ലാത്ത വർത്തമാനം പറയരുതെന്ന് സിദ്ദീഖ് നടിയെ ശാസിക്കുകയും ചെയ്തു. മഞ്ജുവാര്യർ ദിലീപിനെ ഉപേക്ഷിച്ചത് അറിഞ്ഞത് പിന്നീടാണെന്നും കാവ്യ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് അറിഞ്ഞത് രാവിലെയാണ്. തലേന്നു രാത്രി നിർമാതാവ് ആന്റോ ജോസഫ് വിളിച്ചിരുന്നു. എന്നാൽ സംസാരിക്കാനായില്ല. രാവിലെ മിസ്ഡ് കോൾ കണ്ടു തിരിച്ചു വിളിച്ചപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. തുടർന്ന് ലാലിനെ വിളിച്ചു. രമ്യ നമ്പീശന്റെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. പിന്നീട് നടിയുടെ അമ്മയുമായി സംസാരിച്ചു. എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ദിലീപ് ഉറപ്പു നൽകിയതായും കാവ്യ മൊഴിയിൽ പറയുന്നു.

ആക്രമണവിവരം താനറിഞ്ഞത് രാവിലെ റിമി ടോമി വിളിച്ചപ്പോഴാണ്. പൾസർ സുനിയെക്കുറിച്ച് അറിയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. എന്നാൽ പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’യുടെ ഓഫിസിൽ വന്നിരുന്നു. തന്റെ ഡ്രൈവർ സുനീറിനോട് അച്ഛന്റെയോ അമ്മയുടെയോ നമ്പർ ആവശ്യപ്പെട്ടു. എന്നാൽ കയ്യിലെ മുറിവും നെറ്റിയിലെ കെട്ടും കണ്ടപ്പോൾ പന്തികേടു തോന്നി നമ്പർ കൊടുത്തില്ല.

‘ലക്ഷ്യ’യിൽ സിസിടിവി ക്യാമറയുണ്ട്. അതിലെ ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ചിലർ പണം വാങ്ങാൻ ശ്രമിച്ചതായി ദിലീപ് ഡിജിപി ലോക്നാഥ് െബഹ്റയെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതിയും നൽകിയതായി കാവ്യ മൊഴി നല്‍കി.

അതേ സമയം നടിയും ദിലീപും തമ്മിലുള്ള പ്രശ്നം നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ പ്രശ്നത്തിൽ ഇതേവരെ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നും എംഎൽഎയും നടനുമായ മുകേഷ് മൊഴി നൽകി. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു. എന്നാൽ പരാതിയില്ലെന്നാണു പറഞ്ഞത്.

‘അമ്മ ഷോ’ നടക്കുമ്പോൾ പള്‍സർ സുനിയാണ് തന്റെ ഡ്രൈവർ. എന്നാൽ സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. (ഷോയുടെ സമയത്താണ് ആക്രമണവുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചന നടന്നതെന്ന് പൊലീസ് പറയുന്നു) വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടർന്നാണു സുനിയെ പറഞ്ഞു വിട്ടത്. സുനി ഏർപ്പാടാക്കിയ ഡ്രൈവർ ഒരു ലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷ് മൊഴി നൽകിയിട്ടുണ്ട്. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴായിരുന്നു മോഷണം.

അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണിൽ മിസ്ഡ് കോൾ കണ്ടിരുന്നു. എന്നാൽ ദിലീപിനെ ആവശ്യമില്ലാതെ താൻ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു.