ബഹിരാകാശ യാത്രയിൽ മനുഷ്യനിലെ മാറ്റങ്ങൾ തേടി നാസ; ലക്ഷ്യം ചൊവ്വ

Representational image

വാഷിങ്ടൻ∙ ദീർഘകാലം ബഹിരാകാശത്തു സഞ്ചരിക്കുന്ന യാത്രികരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കുന്ന ഗവേഷണങ്ങൾക്കായി നാസ ക്ഷണിക്കുന്നു. ചൊവ്വയിലേക്കു മൂന്നുവർഷം നീളുന്ന യാത്രയ്ക്കായി ബഹിരാകാശ സഞ്ചാരികളെ ഒരുക്കുന്നതിന്റെ ഭാഗമായാണു നാസയുടെ നടപടി. പദ്ധതിയുമായി ബന്ധപ്പെടുന്ന മേഖലകളിലെ ഗവേഷണ പ്രബന്ധമാണു നാസയുടെ ഹ്യൂമൻ റിസർച്ച് പ്രോഗ്രാം തേടുന്നത്. ഒരു വർഷത്തോളം ബഹിരാകാശത്തു കഴിഞ്ഞ നാസയുടെ സ്കോട്ട് കെല്ലി, റഷ്യയുടെ മിഖായേൽ കോർനിയെങ്കോ എന്നിവരെ നേരത്തേ തന്നെ പരിശോധനകൾക്കു വിധേയരാക്കിയിരുന്നു.

ഇത്തരം ഗവേഷണങ്ങളിൽനിന്നുള്ള വിവരങ്ങൾ ബഹിരാകാശ പര്യടനങ്ങളിലെ യാത്രക്കാരുടെ ശാരീരികാവസ്ഥ വച്ചു പഠനവിധേയമാക്കും. ഇതുവഴി ഇവർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധി കണ്ടെത്തുകയാണു നാസയുടെ ലക്ഷ്യം. നിലവിൽ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ചത് സ്കോട്ടും മിഖായേലുമാണ്. ഒരു വർഷമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്. എന്നാൽ ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് മൂന്നു വർഷമെടുക്കും. ഇത്രയും നാൾ യാത്രികരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പ്രവചിക്കാനും കണ്ടെത്താനും പ്രതിവിധി തീരുമാനിക്കാനും ഇത്തരം പഠനങ്ങൾ സഹായിക്കുമെന്നാണു വിലയിരുത്തൽ.

ഇതുമായി ബന്ധപ്പെട്ട് ഏഴു വിഭാഗങ്ങളിലെ ഗവേഷണ റിപ്പോർട്ടുകളാണു നാസ തേടുന്നത്. അടുത്ത വർഷം ജനുവരി നാലിനകം റിപ്പോർട്ടുകള്‍ സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മികച്ച 15–18 റിപ്പോർട്ടുകൾക്കു ഗ്രാന്റുകള്‍ നൽകും.