ചെന്നൈയിൽ ബ്ലാസ്റ്റേഴ്സിന് സമനില; ഗോൾ നേട്ടവുമായി സി.കെ.വിനീത്

ചെന്നൈയിനെതിരെ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കന്‍റെ ആഹ്ലാദം .ചിത്രം: ഐ.എസ്.എൽ

ചെന്നൈ∙ ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈയിനായി റെനെ മിഹെലികും (89) ഒരുഗോൾ വീതം നേടി. പെനൽറ്റിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയെങ്കിലും അവസാന മിനിറ്റിൽ വിനീതിലൂടെ ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ അവസാന മിനിറ്റിലാണ് ചെന്നൈയിൻ വിവാദമായേക്കാവുന്ന ഗോൾ നേടിയത്. ബോക്സിനകത്ത് സന്ദേശ് ജിങ്കാനെതിരെ ഹാൻ‌ഡ് ബോൾ വിളിച്ച് ചെന്നൈയിന് റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു. റെനെ മിഹെലിക് പന്തു ഭംഗിയായി ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചു. തോൽവി മണത്ത കേരളം കൂടുതൽ ഉണര്‍ന്നു കളിച്ചു. പ്രത്യാക്രമണത്തിൽ‌ കേരളം ചെന്നൈയിന് മറുപടിയും നൽകി. അധികസമയത്ത് സന്ദേശ് ജിങ്കാൻ നൽകിയ പന്ത് വിനീത് വലയിൽ എത്തിക്കുകയായിരുന്നു.

റഫറിയുടെ പിഴവോ ?

ചെന്നൈയിനെതിരായ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് തോൽവി ഒഴിവാക്കിയെങ്കിലും ഉയരുന്ന പ്രധാന ചോദ്യമിതാണ്. ചെന്നൈയുടെ ആദ്യ ഗോളിന് വഴി തുറന്ന സന്ദേശ് ജിങ്കാനെതിരായ ഹാൻഡ് ബോൾ അനുവദിക്കേണ്ടിയിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. കേരള താരങ്ങൾ ഹാൻഡ് ബോളല്ലെന്ന് വാദിച്ചെങ്കിലും റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു.

ചെന്നൈയിനെതിരെ ഗോൾ നേടിയ സി.കെ.വിനീതിന്‍റെ മുന്നേറ്റം.ചിത്രം: ഐഎസ്എൽ

ബോക്സിനകത്തെ പോരാട്ടത്തിൽ പന്ത് ജിങ്കാന്റെ കയ്യിൽ തട്ടിയിട്ടില്ലെന്ന് ദൃശ്യങ്ങളിലും വ്യക്തം. വീണുകിട്ടിയ പെനൽറ്റി മുതലെടുത്ത ചെന്നൈയിൻ ഗോളും നേടി. സമനിലയുടെ ബലത്തിൽ 13 പോയിന്റുമായി പട്ടികയിൽ ചെന്നൈ വീണ്ടും ഒന്നാമതെത്തി. എഫ്സി ഗോവയും ബെംഗളുരു എഫ്സിയുമാണ് തൊട്ടുപിന്നിൽ. ചെന്നൈയിനെതിരെ ലഭിച്ച ഒരു പോയിന്റുൾപ്പെടെ ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്ത് തുടരുന്നു.