ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ കേരളം വീണ്ടും ചാംപ്യന്‍മാര്‍

അനുമോൾ തമ്പി, കെ.ആർ. ആതിര, അശ്വിൻ ബി. ശങ്കർ. ചിത്രങ്ങൾ: സിബി മാമ്പുഴക്കരി

റോത്തക്∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് നിലവിലെ ചാംപ്യന്‍മാര്‍ കിരീടം ഉറപ്പിച്ചത്. കേരളത്തിന് ഇപ്പോള്‍ 80 പോയന്റുണ്ട്. പോയിന്റ് നിലയിൽ ഹരിയാനയ്ക്കു മറികടക്കാൻ കഴിയാത്ത ഉയരത്തിലാണു കേരളം. തുടർച്ചയായ 20–ാം തവണയാണു സംസ്ഥാനം കിരീടം നേടുന്നത്.

ആൺകുട്ടികളുടെ 4x400 റിലേയിൽ പങ്കെടുത്ത് വെള്ളിമെഡൽ നേടിയവർ. ചിത്രം: സിബി മാമ്പുഴക്കരി.

1,500 മീറ്ററില്‍ ‌ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ കേരളത്തിന്റെ കെ.ആര്‍. ആതിര വെള്ളി നേടി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന്‍ ബി. ശങ്കറും രണ്ടാമതെത്തി. 4x400 റിലെയിൽ കേരളത്തിൽ ആൺകുട്ടികൾ വെള്ളി നേടി.

കേരള ടീം ഗ്രൗണ്ടിൽ. ചിത്രം: സിബി മാമ്പുഴക്കരി

ഇന്നലെ മൂന്നു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഈ കുതിപ്പിൽ കേരളം ചേർത്തുവച്ചു. ഇന്നലെ 64 പോയിന്റായിരുന്നു കേരളം നേടിയത്. ഹരിയാനയ്ക്കു 53 പോയിന്റും തമിഴ്നാടിന് 30 പോയിന്റുമാണുള്ളത്.

കായിക പ്രതിഭകൾക്ക് മന്ത്രിയുടെ അഭിനന്ദനം

ദേശീയ സ്കൂൾ സീനിയർ അത്‍ലറ്റിക് മീറ്റിൽ തുടർച്ചയായി 20–ാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കിയ കേരളാ താരങ്ങളെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു. കായിക രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാൻ വിദ്യാർ‌ഥികൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.