നെഹ്റു കോളജ് വിദ്യാർഥിക്ക് മർദനം; ക‍ൃഷ്ണദാസിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം

വടക്കാഞ്ചേരി∙ പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. ആകെ ഏഴ് പ്രതികളുള്ള കുറ്റപത്രം വടക്കാഞ്ചേരി കോടതിയിലാണ് പൊലീസ് സമർപ്പിച്ചത്. കോളജ് പിആർഒ സഞ്ജിത്ത് വിശ്വനാഥന്‍ രണ്ടാം പ്രതിയാണ്. 

കോളജ് നിയമോപദേശക സുചിത്ര, വത്സലകുമാർ, ശ്രീനിവാസൻ, സുകുമാരൻ, ഗോവിന്ദൻ കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കോളജിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ പരാതി നല്‍കിയതിന് നെഹ്‌റു കോളേജിലെ ഇടിമുറിയിലെത്തിച്ച് ഷഹീറിനെ മര്‍ദിച്ചെന്നാണ് കേസ്.

അതിനിടെ, നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ കേസിൽ പി.കൃഷ്‌ണദാസ് ഉൾപ്പെടെ ഏഴു പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ ജനുവരി ആറിനാണു കണ്ടെത്തിയത്.