നാല് സൈനികർക്ക് വീരമൃത്യു; മൃതദേഹങ്ങൾ വികൃതമാക്കിയിട്ടില്ലെന്ന് സൈന്യം

മേജർ മൊഹർകർ പ്രഫുല്ല അമ്പദാസ് (മഹാരാഷ്ട്ര), സീപോയ് പ്രഗസ് സിങ്, ലാൻസ് നായിക്കുമാരായ കുൽദീപ് സിങ്, ഗുർമെയിൽ സിങ്

ശ്രീനഗർ∙ കശ്മീരിലെ രജൗറി ജില്ലയിൽ യഥാർഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പിൽ നാല് ഇന്ത്യൻ സൈനികർക്കു വീരമൃത്യു.
മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികരാണു പാക്കിസ്ഥാന്റെ അതിർത്തി രക്ഷാസേനയുമായി ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മരിച്ചത്. നിയന്ത്രണരേഖയിൽനിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാൻ ഇന്ത്യൻ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു 12.15 ഓടെയായിരുന്നു ആക്രമണം. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. മേജർ മൊഹർകർ പ്രഫുല്ല അമ്പദാസ് (മഹാരാഷ്ട്ര), ലാൻസ് നായിക് ഗുർമെയിൽ സിങ് , ലാൻസ് നായിക് കുൽദീപ് സിങ് (ഇരുവരും പഞ്ചാബ്), സീപോയ് പ്രഗത് സിങ് (ഹരിയാന) എന്നിവരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിലുണ്ട്.

അതേസമയം, സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയിട്ടില്ലെന്നും വെടിയേറ്റ പാടുകളാണ് സൈനികരുടെ ശരീരത്തിലുണ്ടായിരുന്നതെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സൈനികരുടെ മൃതദേഹങ്ങൾ പാക്ക് സൈന്യം വികൃതമാക്കിയിരുന്നുവെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതേസമയം, പഞ്ചാബിലെ അഞ്ജന സെക്ടറിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിസ്എഫ് വധിച്ചു. പ്രകോപനമൊന്നുമില്ലാതെയായിരുന്നു രജൗറിയിലെ പാക്ക് വെടിനിർത്തൽ ലംഘനം. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈ സമയത്തു ജില്ലയിലുണ്ടായിരുന്നു.

ഏപ്രിലിലും രണ്ടു സൈനികരെ നിയന്ത്രണരേഖയ്ക്കു സമീപം വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. പാക്ക് അതിർത്തി രക്ഷാസേന തന്നെയാണ് അന്നും ആക്രമണം അഴിച്ചുവിട്ടിരുന്നത്. ഇതിനുപിന്നാലെ പാക്കിസ്ഥാൻ ഔട്ട് പോസ്റ്റുകൾക്കു നേരെ വ്യാപകആക്രമണം നടത്തുന്ന വിഡിയോ ഇന്ത്യ പുറത്തുവിടുകയും ചെയ്തിരുന്നു.