ഇപിഎസ്–ഒപിഎസ് സഖ്യം: ബിജെപി സമ്മർദം ചെലുത്തി: സുബ്രഹ്മണ്യൻ സ്വാമി

സുബ്രഹ്മണ്യം സ്വാമി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ തമിഴ്നാട്ടിൽ ഇ.പളനിസാമി–ഒ.പനീർസെൽവം (ഇപിഎസ്–ഒപിഎസ്) സഖ്യം രൂപീകരിക്കുന്നതിനു വേണ്ടി ബിജെപി സമ്മർദം ചെലുത്തിയതായി സുബ്രഹ്മണ്യൻ സ്വാമി. രണ്ടു കേന്ദ്രമന്ത്രിമാരുടെ തെറ്റായ ഉപദേശത്തിന്‍റെ പുറത്താണ് ശശികലയെ ഒഴിവാക്കി ഇപിഎസ്–ഒപിഎസ് വിഭാഗങ്ങളുടെ ലയനത്തിന് ബിജെപി സമ്മര്‍ദ്ദം ചെലുത്തിയത്. തെറ്റായ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രിയുടെ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്തു.

അഴിമതിക്കാരനായ പനീര്‍സെല്‍വം രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കണമെന്നതാണ് തന്റെ അഭിപ്രായം. സാഹചര്യങ്ങൾ അനുകൂലമായാൽ അണ്ണാഡിഎംകെയിലെ ഇപിഎസ്–ശശികല വിഭാഗങ്ങളുടെ ലയനത്തിന് താൻ നേരിട്ട് മുന്‍കൈ എടുക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

കരുണാനിധിയെ വീട്ടിലെത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നിലപാട് ബിജെപിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നോട്ടയ്ക്കും പിന്നിലായത് രാജ്യംഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. ബിജെപി തമിഴ്നാട് സംസ്ഥാന ഘടകം ഉടന്‍ പിരിച്ചുവിടണം. പനീര്‍സെല്‍വത്തെ ഒഴിവാക്കി ശശികല, പളനിസാമി വിഭാഗങ്ങള്‍ ഒന്നിക്കണമെന്നും സുബ്രഹ്മണ്യ ന്‍സ്വാമി ‘മനോരമ ന്യൂസി’നോട് പറഞ്ഞു.

ദ്രാവിഡ രാഷ്ട്രീയത്തിലെ അമിത്ഷായുടെ ഇടപെടലുകള്‍ ശരിയായ രീതിയിലല്ല. ഡിഎംകെയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. സംസ്ഥാനത്തെത്തുന്ന കേന്ദ്രനേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ജോലി മാത്രമാണ് തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ ചെയ്യുന്നത്.

19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ദയനീയ പ്രകടനമാണ് ആര്‍കെ നഗറില്‍ കണ്ടത്. പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ആര്‍എസ്എസ് മുന്‍കൈ എടുക്കണം. രജനീകാന്ത് അടക്കമുള്ള താരങ്ങളുടെ പിറകെ പോകാതെ സ്വന്തമായി നില്‍ക്കാന്‍ ബിജെപിക്കു കഴിയണമെന്നും സുബ്രഹ്മണ്യന്‍സ്വാമി വ്യക്തമാക്കി.