ഐഫോൺ പഴയ മോഡലുകളുടെ വേഗം കുറയൽ: മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി

സാൻഫ്രാൻസിസ്കോ∙ ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി. ഐഫോൺ ഉപഭോക്താക്കളിൽനിന്ന് നിരന്തരം പരാതി ഉയർന്നതും ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതുമാണ് ഇപ്പോൾ ഇത്തരമൊരു നീക്കത്തിനു കാരണം.

‘നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഐഫോൺ ഉപയോഗിക്കാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ‌മറ്റു കമ്പനികളേക്കാളും ഐഫോണിന്റെ ഉപയോഗ കാലാവധി നീണ്ടുനിൽക്കുന്നതിൽ അഭിമാനമുണ്ട്.’– ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റിലിട്ട സന്ദേശത്തിൽ അധികൃതർ വ്യക്തമാക്കി.

ബാറ്ററി മാറ്റിവയ്ക്കാൻ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 6 മുതൽ ഉപയോഗിക്കുന്നവർക്ക് 29 ഡോളറിന് ബാറ്ററി മാറ്റിവാങ്ങാം. നിലവിൽ‍ 79 ഡോളറാണ് ബാറ്ററിയുടെ വില. ഉപഭോക്താക്കളെ സഹായിക്കുന്ന വിധത്തിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃ‍തർ അറിയിച്ചു.

പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്ന് ആപ്പിൾ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തണുപ്പു കാലാവസ്ഥയിലോ ബാറ്ററി പഴക്കം ചെന്നതാകുമ്പോഴോ ബാറ്ററി ചാർജ് കുറവായിരിക്കുമ്പോഴോ ഐഫോൺ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ലഭിക്കാതെ വരും. അപ്പോൾ ഫോൺ അപ്രതീക്ഷിതമായി ഓഫ് ആകും. ഈ ഓഫ് ആകൽ ഒഴിവാക്കാൻ കമ്പനി ഐ ഫോൺ 6 ലാണ് ‘വേഗം കുറയ്ക്കൽ’ വിദ്യ ആദ്യം പ്രയോഗിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യമെന്നും ആപ്പിൾ അറിയിച്ചിരുന്നു.