രഞ്ജി കിരീടം വിദർഭയ്ക്ക്: ഡൽഹിയെ ഒൻപതു വിക്കറ്റിനു തകർത്തു

ഡൽഹി ഓപ്പണർ ഗൗതം ഗംഭീറിനെ പുറത്താക്കിയ ഗുർബാനിയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

ഇൻഡോര്‍∙ കരുത്തരായ ഡൽഹിയെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ച് രഞ്ജി ട്രോഫിയില്‍ കന്നി ഫൈനലിസ്റ്റുകളായ വിദർഭയ്ക്കു കിരീടം. വിജയലക്ഷ്യമായിരുന്ന 29 റൺസ് വിദർഭ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. രണ്ടാമിന്നിങ്സിൽ ഡൽഹിയെ 280 റൺസിന് വിദർഭയുടെ ബോളർമാർ കെട്ടുകെട്ടിച്ചിരുന്നു. സ്കോർ വിദർഭ: 547, 32/1, ഡൽഹി: 295, 280. വിദർഭയുടെ രജനീഷ് ഗുർബാനി രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റുകൾ വീഴ്ത്തി.

ധ്രുവ് ഷോരെ (142 പന്തിൽ 62), നിതീഷ് റാണ (113 പന്തിൽ 64) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഡൽഹി നിരയിൽ തിളങ്ങാനായത്. കുനാൽ ചന്ദേല (ഒമ്പത്), ഗൗതം ഗംഭീർ (36), റിഷാഭ് പന്ത് (32), ഹിമ്മത് സിങ് (പൂജ്യം), മനൻ ശർമ (എട്ട്), വികാസ് മിശ്ര (34), നവ്ദീപ് സൈനി (അഞ്ച്), ആകാശ് സുദൻ (18), കെജ്രോലിയ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ സ്കോറുകൾ‌. വിദർഭ ഒന്നാം ഇന്നിങ്സിൽ 547 റൺസാണെടുത്തത്.

സർവാധിപതികളായി വിദർഭ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കന്നി സെഞ്ചുറി തികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വഡേക്കറാണ് അപരാജിത ഇന്നിങ്സിലൂടെ (133) വിദർഭയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. ആദ്യമായി ഫൈനൽ കളിക്കുന്ന വിദർഭയെ മൂന്നാം ദിവസം ഒരു ഘട്ടത്തിലും സമ്മർദത്തിലാക്കാൻ ഏഴു തവണ ചാംപ്യൻമാരായ ഡൽഹിക്കായില്ല. ലക്ഷ്യബോധമില്ലാത്ത ബോളിങ്ങും ഫീൽഡിങ്ങിലെ പിഴവുകളും അവരെ തിരിഞ്ഞുകൊത്തി.

ഡൽഹിയുടെ വിക്കറ്റ് വീഴ്ത്തിയ വിദർഭ താരങ്ങളുടെ ആഹ്ലാദം

ചരിത്രമെഴുതി രജനീഷ് ഗുർബാനി

ഹാട്രിക്ക് നേടിയ രജനീഷ് ഗുർബാനിയുടെ ബോളിങ് മികവിലാണ് കരുത്തരായ ഡൽഹിയെ ഒന്നാം ഇന്നിങ്സിൽ 295 റൺസിന് വിദര്‍ഭ പുറത്താക്കിയത്. രഞ്ജി ട്രോഫി ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഗുർബാനി. 1972–73 കാലഘട്ടത്തിൽ തമിഴ്നാടിന്റെ കല്യാണസുന്ദരമാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 24.4 ഓവറിൽ 59 റൺസ് വഴങ്ങി ഗുർബാനി ആറു വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ധ്രുവ് ഷോറെയുടെ സെഞ്ചുറി മികവിലാണ് (294 പന്തില്‍ 145) ഡൽഹി ഭേദപ്പെട്ട സ്കോറിലെത്തിയത്.