ഗുജറാത്ത്; മൂന്നു ദിവസത്തിനകം തീരുമാനമില്ലെങ്കിൽ രാജിവയ്ക്കും: നിതിൻ പട്ടേൽ

അഹമ്മദാബാദ്∙ ഗുജറാത്തിലെ ബിജെപി മന്ത്രിസഭയിൽ തുടക്കത്തിലേ കല്ലുകടി. വകുപ്പു വിഭജനത്തെച്ചൊല്ലി ഉടലെടുത്ത തർക്കം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവശ്രദ്ധയിലാണ് ബിജെപി. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് തര്‍ക്കവുമായി രംഗത്തെത്തിയത്.

ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണു നിതിൻ പട്ടേലിന്റെ ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും അദ്ദേഹം കത്തയച്ചു. മന്ത്രിസഭ അധികാരമേറ്റ് മൂന്നു ദിവസത്തിനു ശേഷമാണ് വകുപ്പുവിഭജനം വന്നത്. മുൻപുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകൾ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാൽ, ഈ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നൽകിയില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകൾ മൂന്ന് ദിവസത്തിനകം നൽ‌കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേൽ രൂപാണിയെ അറിയിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് വിഭജനം സംബന്ധിച്ച് മുതിർന്ന നേതാക്കള്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചത് ബിജെപിക്കു തലവേദനയായി. പ്രധാനപ്പെട്ട വകുപ്പുകളൊന്നും നിതിനു നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയാറല്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ 7137 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അദ്ദേഹത്തിന്റെ പ്രകടനത്തിൽ പാർട്ടിക്ക് മതിപ്പില്ലെന്നാണ് അറിയുന്നത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായഭിന്നത നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഒപ്പമുള്ള പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവയ്ക്കുമെന്നു വഡോദര എംഎല്‍എ രാജേന്ദ്ര ത്രിവേദിയും അറിയിച്ചു. ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാരും ഇതേ ഭീഷണിയുമായി രംഗത്തുണ്ട്.

ഗുജറാത്ത് രാഷ്ട്രീയം അപ്രതീക്ഷിതമായി കലങ്ങിമറിയവെ, നിതിൻ പട്ടേലിനെ പാർട്ടിയിലേക്കു ക്ഷണിച്ച് പട്ടേൽ സംവരണ പ്രക്ഷോഭ സമിതി (പാസ്) നേതാവ് ഹാർദിക് പട്ടേൽ രംഗത്തെത്തി. മുതിർന്ന നേതാവായ നിതിന് അർഹമായ ബഹുമാനം ബിജെപി നൽകിയില്ലെങ്കിൽ എല്ലാവരും അദ്ദേഹത്തിന്റെ കൂടെ നിൽക്കും. പാർട്ടിക്കു വേണ്ടി അക്ഷീണ പ്രയത്നിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹാർദിക് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹാർദിക്.

നിതിൻ പട്ടേൽ ബിജെപി വിടാൻ തയാറായാൽ അദ്ദേഹത്തിനൊപ്പം 10 എംഎൽഎമാരും കൂടെയുണ്ടാകും. അദ്ദേഹത്തെയും എംഎൽഎമാരെയും സ്വീകരിക്കണമെന്ന് കോൺഗ്രസിനോട് താൻ ആവശ്യപ്പെടും. അദ്ദേഹത്തിന് ഉചിതമായ സ്ഥാനം നൽകുമെന്നും ഹാർദിക് പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അനുകൂലമായ അന്തരീക്ഷമുണ്ടായാൽ സർക്കാർ രൂപീകരിക്കുമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത്‌സിങ് സോളങ്കി പറഞ്ഞു.