എൻഡിഎ സംഘം ബുധനാഴ്ച കുറിഞ്ഞിമല സന്ദർശിക്കും

തിരുവനന്തപുരം ∙ കുറിഞ്ഞി മല അടക്കമുള്ള ഇടുക്കി ജില്ലയിലെ മുഴുവൻ കയ്യേറ്റങ്ങളെപ്പറ്റിയും സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് എൻഡിഎ കോ-കൺവീനർ പി.കെ.കൃഷ്ണദാസ്. ഇരുമുന്നണികളുടേയും നേതാക്കളുടെ ആശീർവാദത്തോടെയാണ് ഇടുക്കിയിൽ കയ്യേറ്റം നടക്കുന്നത്. മന്ത്രി എം.എം.മണി, കെപിസിസി വൈസ് പ്രസിഡന്‍റ് എ.കെ. മണി, കെ. രാജേന്ദ്രൻ എംഎൽഎ, ജോയ്സ് ജോര്‍ജ് എംപി എന്നിവരാണ് കയ്യേറ്റക്കാർക്ക് എല്ലാ സംരക്ഷണവും നൽകുന്നത്. 

ഉദ്യോഗസ്ഥ-രാഷ്ട്രീയ- കയ്യേറ്റ മാഫിയ അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തു കൊണ്ടുവരാൻ ഇവിടെയുള്ള ഏജൻസികൾക്ക് കഴിയില്ല. അതിന് കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച കുറിഞ്ഞിമലയിലെ കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിക്കും. സംഘത്തിന്‍റെ കണ്ടെത്തലുകൾ റിപ്പോർട്ടായി കേന്ദ്ര സർക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. 

കേന്ദ്രസർക്കാർ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രദേശത്ത് സംസ്ഥാന സർക്കാരിന് യാതൊരു അവകാശവുമില്ല. ഉദ്യാനത്തിന്‍റെ പരിധി പുനർ നിർണ്ണയിക്കാൻ മന്ത്രിതല സമിതിയെ നിശ്ചയിച്ചത് നിയമ വിരുദ്ധമാണ്. ജോയ്സ് ജോർജ് എംപിയുടെ കുടുംബം കയ്യേറ്റം നടത്തിയെന്ന് സബ് കളക്ടർ കണ്ടെത്തിയിട്ടും അത് തിരികെ പിടിക്കാൻ സർക്കാർ തയാറാകുന്നില്ല. സർക്കാർ കയ്യേറ്റക്കാർക്കൊപ്പമാണെന്നതിന്‍റെ തെളിവാണിതെന്നും കൃഷ്ണദാസ് പറഞ്ഞു.