കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യൂലൻസ്റ്റീൻ രാജിവച്ചു

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. 2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. സഹ പരിശീലകൻ താങ്ബോയ് സിങ്തോമിനാണ് താത്കാലിക പരിശീലകന്റെ ചുമതല.

ഇക്കഴിഞ്ഞ ഡിസംബർ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ബെംഗളൂരൂ എഫ്സി 3–1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതേത്തുടർന്നു ടീമിനെതിരെ കടുത്ത വിമർശനങ്ങളുമുയർന്നിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണു ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കളിക്കാരുടെ കഴിവു കണ്ടെത്തുന്നതിൽ അപാര മികവുള്ളയാൾ എന്ന വിശേഷണവുമായായിരുന്നു വരവ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തു മാത്രമാണു പരിശീലകനെന്ന നിലയ്ക്കു റെനി മ്യൂലൻസ്റ്റീൻ കരിയറിൽ വിജയിച്ചിട്ടുള്ളത്. 2008–09, 2010–11, 2012–13 വർഷങ്ങളിൽ പ്രീമിയർ ലീഗ് കിരീടം, രണ്ടു കമ്യൂണിറ്റി ഷീൽഡ്, രണ്ടു ലീഗ് കപ്പ്, ഓരോ ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ എന്നിവയും റെനിയും സംഘവും നേടി. ഫെർഗൂസനു ശേഷം ചുമതലയേറ്റ ഡേവിഡ് മോയെസ് സ്വന്തം സംഘത്തോടൊപ്പം ഓൾഡ് ട്രാഫഡിലെത്തിയപ്പോളാണു റെനി യുണൈറ്റഡ് വിടുന്നത്.

സീസണിനിടെ പരിശീലകൻ വിട്ടുപോകുന്നതു കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇതാദ്യ സംഭവമല്ല. 2015ൽ പീറ്റർ ടെയ്‍ലർ സമാന സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ചുമതലയൊഴിഞ്ഞിരുന്നു. ഇതേത്തുടർന്നാണു ടെറി ഫെലാൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായെത്തുന്നത്. മ്യുലൻസ്റ്റീന്റെ വിടവാങ്ങലോടെ അദ്ദേഹത്തിലൂടെ ടീമിലെത്തിയ ദിമിതർ ബാർബറ്റോവ് ഉൾപ്പെടെയുള്ള താരങ്ങളുടെ ടീമിനോടൊപ്പമുള്ള മുന്നോട്ടുപോക്കും സംശയത്തിലാണ്. നിലവിൽ പരുക്കിന്റെ പിടിയിലാണു ബാർബറ്റോവ്.

ഈ സീസണിൽ ഒരു ജയം മാത്രമാണു ബ്ലാസ്റ്റേഴ്സിന് ഇതുവരെ നേടാനായിട്ടുള്ളത്. നാലു കളികൾ സമനിലയിലായപ്പോൾ രണ്ടു കളികളിൽ തോൽക്കുകയും ചെയ്തു. ഏഴു പോയിന്റുകളുമായി പോയിന്റു പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്.