പുതുവർഷം ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റ‍‍ഡ്; എവർട്ടനെ തോൽപ്പിച്ചു

ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം

ലിവർപൂള്‍∙ പുതുവര്‍ഷത്തിൽ‌ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയത്തോടെ തുടക്കം. പ്രീമിയര്‍ ലീഗിൽ എവർട്ടനെതിരായ മല്‍സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. ആന്റണി മാർഷൽ, ജെസെ ലിങ്കാർഡ് എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. പുതുവൽസര ജയത്തോടെ ചെൽസിയെ പിന്നിലാക്കി പോയിന്റു പട്ടികയിൽ യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി.

ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലെ 57, 81 മിനിറ്റുകളിലായിരുന്നു യുണൈറ്റഡിന്റെ വിജയമുറപ്പിച്ച ഗോളുകൾ. മുൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയ്ൻ റൂണിയുടെ എവർടന് ആദ്യ പകുതിയിൽ യുണൈറ്റ‍ഡിന്റെ ശ്രമങ്ങൾക്കു തടയിടാനായെങ്കിലും രണ്ടാം പകുതിയിൽ പ്രതിരോധത്തിലെ കുരുക്കഴിച്ച് യുണൈറ്റഡ് വിജയം കണ്ടെത്തുകയായിരുന്നു. റൊമേലു ലുക്കാക്കുവിന്റെയും ഇബ്രാഹ്നോവിച്ചിന്റെയും അഭാവത്തിലാണ് 14–ാം ജയം യുണൈറ്റഡ് സ്വന്തമാക്കിയത്.

ആന്റണി മാർഷൽ സീസണിലെ ഒമ്പതാം ഗോളാണ് എവർട്ടണെതിരെ സ്വന്തമാക്കിയത്. 59 പോയിന്റുമായി പോയിന്റുപട്ടികയിൽ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. യുണൈറ്റഡിന് 47 പോയിന്റുകളുണ്ട്.

മറ്റു മൽസരങ്ങളിൽ ലിവർപൂളും ലെസ്റ്റർസിറ്റിയും ജയിച്ചു. ബേൺലി എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവർപൂളിന്റെ ജയം. ഹഡേഴ്സ്ഫീല്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയും പരാജയപ്പെടുത്തി.