'സമനില' തെറ്റാതെ 2018ലെ കന്നിപ്പോരാട്ടം (1-1); പ്രതീക്ഷ നൽകി ബ്ലാസ്റ്റേഴ്സ്

ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഹ്ലാദം. ചിത്രം: ഐഎസ്എൽ

കൊച്ചി∙ പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടത്തിലും 'സമനില'യോടുള്ള ഇഷ്ടം വിടാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ പാതിവഴിയില്‍ രാജിവച്ചു പോയശേഷമുള്ള ആദ്യ മല്‍സരത്തില്‍ കരുത്തരായ പുണെ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ ഈ മല്‍സരത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടത് സീസണിലെ അഞ്ചാം സമനില. ലീഗിലെ മറ്റേതൊരു ടീമിനേക്കാളും സമനിലകളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നില്‍. മാര്‍സലീഞ്ഞോ (33) ആദ്യപകുതിയില്‍ നേടിയ ഗോളിലൂടെ മുന്നില്‍ക്കയറിയ പുണെയെ രണ്ടാം പകുതിയില്‍ മാർക്ക് സിഫ്നിയോസ് (73) നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുക്കിയത്. കെട്ടഴിഞ്ഞ പ്രകടനത്തിലൂടെ ആദ്യപകുതിയിൽ കാണികളെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ അവിശ്വസനീയമായി തിരിച്ചുവന്നാണ് മൽസരം സമനിലയിലാക്കിയത്.

ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറന്നതോടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച ഉഗാണ്ട  താരം കെസിറോൺ കിസീറ്റോയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലെ ഹൈലൈറ്റ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെർബറ്റോവിനു പകരം കളത്തിലിറങ്ങിയ കിസീറ്റോയാണ് മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന് മേധാവിത്തം സമ്മാനിച്ചത്. ഗോളിലെത്തിയ നീക്കത്തിന്റെ സൂത്രധാരൻ കൂടിയായ കിസീറ്റോയുടെ മികച്ച പ്രകടനം ആരാധകരുടെയും ഹൃദയം കവർന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കണ്ടെത്തലായി ഈ താരം മാറിയാലും അദ്ഭുദപ്പെടേണ്ടതില്ല എന്ന് പുണെയ്ക്കെതിരായ മൽസരം അടിവരയിടുന്നു.

സീസണിലെ  അഞ്ചാം സമനിലയോടെ എട്ടു മല്‍സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തു തുടരുന്നു. ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുമായി പുണെ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. ചെന്നൈയിനും 16 പോയിന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തിലെ മേധാവിത്തമാണ് പുണെയ്ക്ക് ഒന്നാം സ്ഥാനത്തെത്താന്‍ സഹായകമായത്. ഇനി ജനുവരി 10ന് പുതിയ പരിശീലകന്‍ ഡേവിഡ് ജയിംസിനു കീഴില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ മൈതാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

ഗോളുകൾ വന്ന വഴി

പുണെ ആദ്യ ഗോൾ: ആദ്യ മിനിറ്റു മുതൽ ഓങ്ങിയോങ്ങി വച്ച ഗോൾ പുണെ സ്വന്തമാക്കുമ്പോള്‍ മൽസരത്തിന് പ്രായം 33 മിനിറ്റ്. മാർസലീഞ്ഞോയുടെ ഗോളിന് വഴിയൊരുക്കി കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്തത് മലപ്പുറം സ്വദേശി ആഷിഖ് കരുണിയൻ. തുടർച്ചയായി ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ പുണെ താരങ്ങൾ ചെലുത്തിയ സമ്മർദ്ദത്തിൽനിന്നായിരുന്നു ഗോളിന്റെ പിറവി. ആഖിഷ് കരുണിയനുമൊത്ത് പന്ത് കൊടുത്തും മേടിച്ചും മാർസലീഞ്ഞോ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് കടക്കുമ്പോൾ വെസ് ബ്രൗണും ജിങ്കാനും ഉൾപ്പെടെയുള്ള താരങ്ങൾ അവിടെയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർത്തി ബോക്സിനു വലതുവശത്തേക്ക് കയറിയെത്തിയ മാർസലീഞ്ഞോയെ ലക്ഷ്യമിട്ട് ആഷിഖ് പന്തു നീട്ടുമ്പോൾ മുന്നിൽ ഗോളി മാത്രം. മികച്ചൊരു പ്ലേസിങ്ങിലൂടെ ആ വെല്ലുവിളിയും മറികടന്ന മാർസലീഞ്ഞോ അനായാസം പുണെയ്ക്ക് ലീഡ് സമ്മാനിച്ചു. പ്രതിരോധത്തിൽ മികച്ച ഫോമിൽ കളിച്ച ജിങ്കാനെ അൽഫാരോ സ്റ്റെഫാനോ ബുദ്ധിപൂർവം തടയുക കൂടി ചെയ്തതോടെ സ്റ്റേഡിയം കണ്ടത് മികച്ച ടീം വർക്കും അതിലും മികച്ച ഗോളും. പുണെ മുന്നിൽ. 1-0.

പുണെയ്ക്കായി ഗോൾ നേടിയ മാഴ്സലോ.ചിത്രം: ഐഎസ്എൽ

ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ: ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോൾ കലൂർ സ്റ്റേഡിയത്തിൽ യാഥാർഥ്യമാകുമ്പോൾ മൽസരത്തിന് പ്രായം 73 മിനിറ്റ്. രണ്ടാം പകുതിയിൽ മികച്ച കളി കെട്ടഴിച്ച ബ്ലാസ്റ്റേഴ്സിന് അർഹിക്കുന്ന ഗോള്‍ നേടിയത് ഡച്ച് താരം മാർക്കസ് സിഫ്നിയോസ്. കന്നി ഐഎസ്എൽ മൽസരം കളിക്കുന്ന കെസിറോൺ കിസീറ്റോ മധ്യവരയ്ക്കു സമീപത്തുനിന്നും നീട്ടിനൽകിയ നെടുനീളൻ പാസുമായി ഇടതുവിങ്ങിലൂടെ ഘാന താരം കറേജ് പെകൂസന്റെ മുന്നേറ്റം. അതിവേഗത്തിൽ ബോക്സിനുള്ളിലേക്ക് കടന്ന പെകൂസനിൽനിന്നും ഷോട്ട് പ്രതീക്ഷിച്ചുനിന്ന താരങ്ങളെ കബളിപ്പിച്ച് താരം പന്ത് ബോക്സിനു മധ്യത്തിൽ സിഫ്നിയോസിനു നീട്ടുന്നു. എതിരാളികൾക്ക് യാതൊരു അവസരവും നൽകാതെ സിഫ്നിയോസിന്റെ ഷോട്ട് വലയിൽ. സ്റ്റേഡിയം അക്ഷരാർഥത്തിൽ പൊട്ടിത്തെറിച്ചു. സിഫ്നിയോസിന്റെ മിടുക്കിനൊപ്പം പെകൂസന്റെ പാസിനും നൂറു മാർക്ക്. ബ്ലാസ്റ്റേഴ്സ് ഒപ്പം. സ്കോർ 1-1

ബെർബയും ബ്രൗണും ആദ്യ ഇലവനിൽ

പുണെയ്ക്കെതിരെ ഗോൾ നേടുന്ന മാർക് സിഫ്നിയോസ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിറ്റർ ബെർബറ്റോവും വെസ് ബ്രൗണും മഞ്ഞക്കുപ്പായത്തിൽ ആദ്യമായി ഒരുമിച്ചു കളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ആരാധകർ. പരുക്കു ഭേദമായി തിരിച്ചെത്തിയ സൂപ്പർതാരം ദിമിറ്റർ ബർബറ്റോവ് ആദ്യ ഇലവനിൽ ഇടംപിടിച്ചതോടെയാണ് ബെർബ-ബ്രൗൺ കൂട്ടുകെട്ട് ഒരുമിച്ച് പന്തുതട്ടുന്നതിന് കളമൊരുങ്ങിയത്. ഇയാൻ ഹ്യൂം, മാർക് സിഫ്നിയോസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിൽ ഇടം കണ്ടെത്തിയപ്പോൾ കഴിഞ്ഞ മൽസരത്തിൽ പരുക്കുമൂലം പുറത്തിരുന്ന റിനോ ആന്റോയും ആദ്യ ഇലവനിൽ തിരിച്ചെത്തി. അപ്പോഴും ആരാധകരെ നിരാശപ്പെടുത്തിയത് പരുക്കുമാറാതെ പുറത്തിരുന്ന സി.കെ. വിനീത് മാത്രം. സുഭാശിഷ് റോയി തന്നെ ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാനെത്തി.

കഴിഞ്ഞ മൽസരത്തിലുൾപ്പെടെ നാല് മഞ്ഞക്കാർഡ് കണ്ട നെമാഞ്ച പെസിച്ചിന് ഇന്നത്തെ മൽസരം നഷ്ടമായതിനാൽ വെസ് ബ്രൗണ്‍ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനൊപ്പം സെൻട്രൽ ഡിഫൻസിൽ കളിച്ചു. റിനോ ആന്റോ, ലാൽറുവാത്താര എന്നിവർ വിങ്ങുകളിൽ പ്രതിരോധം തീർത്തപ്പോൾ. മുന്നേറ്റത്തിൽ ബെർബ-ഹ്യൂം-സിഫ്നിയോസ് ത്രയമെത്തി. മലപ്പുറം സ്വദേശിയായ മലയാളി താരം ആഷിഖ് കരുണിയൻ പുണെ നിരയിലും ആദ്യ ഇലവനിൽ ഇടംപിടിച്ചു. മാർസലീഞ്ഞോ, എമിലിയാനോ അൽഫാരോ, ജൊനാഥൻ ലൂക്ക, മാർക്കോസ് ടെബാർ, ആദിൽ ഖാൻ തുടങ്ങിയ പ്രമുഖരെല്ലാം പുണെയുടെ ആദ്യ ഇലവനിലെത്തി.

അവസരങ്ങൾ തുലച്ച് പുണെ

സീസണിലെ ആറാം ഗോൾ കണ്ടെത്തിയ ബ്രസീലിയൻ താരം മാർസലീഞ്ഞോ ആയിരുന്നു ആദ്യപകുതിയിലെ താരം. മാർസലീഞ്ഞോയുടെ ഗോളിന് വഴിയൊരുക്കി മലയാളി താരം ആഷിഖ് കരുണിയൻ സാന്നിധ്യമറിയിച്ചപ്പോൾ, പതറിക്കളിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആദ്യപകുതിയിലെ സങ്കടക്കാഴ്ചയായി. മികച്ച പ്രകടനം പുറത്തെടുത്ത പുണെ പലകുറി ഗോളിനടുത്തെത്തിയെങ്കിലും അവർക്ക് തുടർച്ചയായി ലക്ഷ്യം തെറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. എമിലിയാനോ അൽഫാരോ-മാർസലീഞ്ഞോ-ജോനാഥൻ ലൂക്ക ത്രയത്തിന്റെ നേതൃത്വത്തിലുള്ള തുടർ ആക്രമണങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ആടി ഉലയുന്ന കാഴ്ചയാണ് മൽസരത്തിന്റെ ആദ്യ പകുതിയിലേറെയും ആരാധകർക്ക് സമ്മാനിച്ചത്. പുണെയുടെ മൂർച്ചയേറിയ നീക്കങ്ങൾക്കു മുൻപിൽ നിലതെറ്റുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം പതിവു കാഴ്ചയാകുന്നത് സങ്കടത്തോടെയാണ് ആരാധകർ കണ്ടിരുന്നത്.

15-ാം മിനിറ്റിൽ ജോനാഥൻ ലൂക്ക ബോക്സിനുള്ളിൽ നിന്ന് തൊടുത്ത പൊള്ളുന്ന ഷോട്ട് സുഭാശിഷ് റോയിയുടെ കയ്യിൽത്തട്ടി മാർസലീഞ്ഞോയുടെ മുന്നിലെത്തിയെങ്കിലും താരത്തിന് പന്ത് കാലിലൊതുക്കാനാകാതെ പോയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. അതിനു മുൻപ് വെസ് ബ്രൗണിന്റെ ഫൗളിൽനിന്ന് പുണെയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മാർസലീഞ്ഞോ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഉയർത്തിവിട്ടെങ്കിലും ആദിൽ ഖാന് കണക്ട് ചെയ്യാനായില്ല. പന്തു ലഭിച്ച റാഫ ലോപ്പസിനും ഉന്നം പിഴച്ചതോടെ അപകടമൊഴിഞ്ഞു. ഇടയ്ക്ക് ലഭിച്ച ഏതാനും അവസരങ്ങളിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളും പുണെ ബോക്സിനുള്ളിൽ ചെറു ചലനങ്ങൾ സൃഷ്ടിച്ചെങ്കിലും അവരെ ബുദ്ധിമുട്ടിക്കാൻ പോന്ന നീക്കങ്ങളൊന്നും ആരിൽനിന്നും ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് ആദ്യ പകുതിയിൽ പുണെയ്ക്ക് ലീഡ് സമ്മാനിച്ച് മാർസലീഞ്ഞോയുടെ ഗോളെത്തിയത്. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ദുർബലമായ ശ്രമങ്ങൾ പുണെ പ്രതിരോധത്തിൽ തട്ടി പാഴായതോടെ ആദ്യപകുതിക്ക് പുണെയുടെ ലീഡോടെ സമാപനം.

ആവേശത്തിന്റെ രണ്ടാം പകുതി

പരുക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ദിമിറ്റർ ബെർബറ്റോവിനു പകരം പുതിയതായി ടീമിലെത്തിയ ഉഗാണ്ട താരം കെസിറോൺ കിസീറ്റോയെ കളത്തിലിറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി ആരംഭിച്ചത്. ആദ്യപകുതിയെ അപേക്ഷിച്ച് വളരെയേറെ മെച്ചപ്പെട്ട പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റേത്. യുവതാരം കിസീറ്റോയുടെ ഊർജവും ചുറുചുറുക്കും ടീമിലേക്കും വ്യാപിച്ചതോടെ മിക്കപ്പോഴും കളിയിൽ മേധാവിത്തം പുലർത്താനും ബ്ലാസ്റ്റേഴ്സിനായി. മൈതാനം നിറഞ്ഞുകളിച്ച കിസീറ്റോ കാണികളുടെയും കയ്യടി നേടി. രണ്ടാം പകുതിയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന് ഗോളിന്റെ രൂപത്തിൽ പ്രതിഫലമെത്തുമ്പോൾ മൽസരത്തിന് പ്രായം 73 മിനിറ്റ്. ഗോളോളം അഴകുള്ള പെകൂസന്റെ പാസിൽനിന്നും സിഫ്നിയോസ് ഗോള്‍ നേടുമ്പോൾ സ്റ്റേഡിയം മഞ്ഞക്കടലായി ഇളകി മറിഞ്ഞു. 

ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ മാർക് സിഫ്നിയോസ്. ചിത്രം: ഐഎസ്എൽ

സമനില ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ഒന്നു കൂടി ഉണർന്നു. അകമ്പടിയായി ആരാധരുടെ പിന്തുണ കൂടിയായതോടെ പോരാട്ടം കടുത്തു. ഗോൾ നേടിയതിനു തൊട്ടടുത്ത മിനിറ്റിൽ വീണ്ടും സിഫ്നിയോസിന് അവസരം ലഭിച്ചെങ്കിലും മികച്ച ഇടപെടലിലൂടെ പുണെ ഗോൾകീപ്പർ ഗുർതേജ് സിങ് അപകടമൊഴിവാക്കി. തുടർന്നും കടുത്ത ആക്രമണം അഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സ് ഏതുനിമിഷവും ഗോളടിക്കുമെന്ന തോന്നലുയർത്തി. ഇടയ്ക്ക് ബ്ലാസ്റ്റേഴ്സ് നിരയിൽ റിനോ ആന്റോയ്ക്ക് പകരം സാമു വൽ ഷതബെത്തി. 88-ാം മിനിറ്റിൽ കറേജ് പെകൂസൻ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുണെ പോസ്റ്റിനു പുറത്തേക്കു പോകുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടത്. നാലു മിനിറ്റ് ഇൻജുറി സമയം അനുവദിച്ചെങ്കിലും ഗോൾ അകന്നുനിന്നതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം സമനില. പുണെയ്ക്ക് സീസണിലെ ആദ്യ സമനിലയും.