മുത്തലാഖ് ബിൽ രാജ്യസഭ കടന്നില്ല; ശീതകാല സമ്മേളനം അവസാനിച്ചു

ന്യൂഡൽഹി∙ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ- പ്രതിപക്ഷങ്ങൾക്കിടയിലെ ഭിന്നത അയവില്ലാതെ തുടരുന്നതിനാല്‍ ചര്‍ച്ചയ്ക്കെടുത്തില്ല. ബിജെപിയും കോണ്‍ഗ്രസും പാര്‍ട്ടി എംപിമാര്‍ക്കു വിപ്പ് നല്‍കിയിരുന്നു.

ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പോരായ്മകള്‍ പരിഹരിച്ച് ഭേദഗതികള്‍ വരുത്തിയാല്‍ അംഗീകരിക്കാമെന്ന് കോണ്‍ഗ്രസ് ഇന്നലെ നിലപാടു മയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമവായം പിന്നീട് സാധ്യമായില്ല. ലോക്സഭ ഡിസംബര്‍ 28ന് പാസാക്കിയ മുത്തലാഖ് നിരോധന ബില്‍ ഇനി ബജറ്റ് സമ്മേളനത്തിലാകും പരിഗണിക്കുക. പ്രതിഷേധങ്ങളിലും ബഹളങ്ങളിലും സഭാ നടപടികള്‍ തടസ്സപ്പെടുന്നതില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അതൃപ്തി രേഖപ്പെടുത്തി.