ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്; ബൽറാമിനെ പിന്തുണച്ച് കെ.എം.ഷാജി

കെ.എം.ഷാജി, വി.ടി.ബൽറാം. ചിത്രങ്ങൾ: ഫെയ്സ്ബുക്

കണ്ണൂർ∙ എകെജിയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വി.ടി.ബൽറാമിനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുതെന്നും ഷാജി പരിഹസിച്ചു.

ബൽറാമിനെ അനുകൂലിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനു പിന്നാലെയാണ് കെ.എം.ഷാജിയും പിന്തുണ അറിയിച്ചത്. ബൽറാമിന്റെ പരാമർശത്തോടു യോജിപ്പില്ലെന്നും എകെജിയെ എന്നല്ല, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബൽറാമിന്റെ പരാമർശം തെറ്റാണെന്നും കോൺഗ്രസിന്റെ നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും വ്യക്തമാക്കി. ബൽറാമിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, അദ്ദേഹത്തിനെതിരെ നടക്കുന്നതു ഫാഷിസത്തിന്റെ വികൃതമുഖമാണെന്നുമാണ് മുസ്‍ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീർ അഭിപ്രായപ്പെട്ടത്.

കെ.എം.ഷാജിയുടെ കുറിപ്പിൽനിന്ന്:

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും മോർഫിങ്ങും മതനിന്ദയും വ്യാജ ആരോപണങ്ങളും ആവിഷ്കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുത്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടുകളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും.

എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം. പക്ഷെ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാൽ മലിനമാകുമായിരുന്നില്ല.

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ ‘ഇതാ നിങ്ങളുടെ മാലിന്യം’ എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ചു നിക്ഷേപിച്ചിരിക്കുന്നു. അതുകണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ്. ആവിഷ്കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്, നിങ്ങളുടേതല്ല. വി.ടി.ബൽറാം ടി.പി.ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്.