ഹാട്രിക്കുമായി ഡൽഹിയെ വിറപ്പിച്ച് ഹ്യൂം; ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം, ആറാമത്

ഗോൾ നേടിയ ഇയാൻ ഹ്യൂമിന്റെ ആഹ്ലാദം. (ചിത്രം: ഐഎസ്എൽ)

ന്യൂഡൽഹി ∙ എട്ട് മൽസരങ്ങൾ നീണ്ട ഗോൾവരൾച്ചയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം ഹ്യൂമേട്ടൻ ആഘോഷമായിത്തന്നെ വിരാമമിട്ടു. പതിവുപോലെ അധ്വാനിച്ച് കളിച്ചും സീസണിലാദ്യമായി ഗോളടിച്ചും ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ ത്രസിപ്പിച്ച ഇയാൻ ഹ്യൂമിന്റെ ഹാട്രിക് മികവിൽ ‍ഡൽഹി ‍ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

സീസണിലിതുവരെ നിശബ്ദമായിരുന്ന ഇയാൻ ഹ്യൂമിന്റെ ബൂട്ടുകൾ പ്രഹരശേഷി വീണ്ടെടുത്ത മൽസരത്തിൽ ടീമെന്നതിനേക്കാളേറെ അദ്ദേഹത്തിന്റെ വ്യക്തിഗത മികവിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ജയം കുറിച്ചത്. 12, 78, 83 മിനിറ്റുകളിലായിരുന്നു ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്റെ ഗോളുകൾ. ഡൽഹിയുടെ ആശ്വാസ ഗോൾ അവരുടെ ക്യാപ്റ്റൻ പ്രീതം കോട്ടാൽ (44) നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

ഡൽഹിക്കെതിരെ ഹ്യൂമിന്റെ മുന്നേറ്റം. (ചിത്രം: ഐഎസ്എൽ)

വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് കയറി. തുടർച്ചയായ ആറു തോൽവികൾക്കു ശേഷം ചെന്നൈയിനെതിരായ കഴിഞ്ഞ മൽസരത്തിലൂടെ ‘സമനില’ വീണ്ടെടുത്ത ഡൽഹി ഈ തോൽവിയോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനം ‘അരക്കിട്ടുറപ്പിച്ചു’. ഒൻപതു മൽസരങ്ങളിൽനിന്ന് നാലു പോയിന്റാണ് ഡൽഹിയുടെ സമ്പാദ്യം.

ടീം ‘പൊളിച്ച്’ ഡേവിഡ് ജയിംസ്

വിജയം മാത്രം ലക്ഷ്യമിട്ട് സീസണിലെ ഒൻപതാം പോരാട്ടത്തിൽ ഡൽഹി ഡൈനാമോസിനെ നേരിടാൻ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ അടിമുടി മാറ്റങ്ങളാണ് പുതിയ പരിശീലകൻ ഡേവിഡ് ജയിംസ് വരുത്തിയത്. മ്യൂലൻസ്റ്റീന്റെ ടീമിൽ സ്ഥിരസാന്നിധ്യമായിരുന്ന മാർക്ക് സിഫ്നിയോസിനെ പുറത്തിരുത്തിയ ഡേവിഡ് ജയിംസ്, ബെർബറ്റോവ്–ഹ്യൂം സഖ്യത്തിന് മുന്നേറ്റത്തിൽ അവസരം നൽകി.

ഡൽഹിക്കെതിരെ പെകൂസന്റെ മുന്നേറ്റം. (ചിത്രം: ഐഎസ്എൽ)

സുഭാശിഷ് റോയി തന്നെ വല കാക്കാനെത്തിയപ്പോൾ കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന സി.കെ. വിനീത്, നെമാ‍ഞ്ച പെസിച്ച് എന്നിവരെ ഇത്തവണയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. സന്ദേശ് ജിങ്കാൻ, വെസ് ബ്രൗൺ എന്നിവർ സെൻട്രൽ ഡിഫൻസിലും ലാൽറുവാത്താര, റിനോ ആന്റോ എന്നിവർ വിങ്ങുകളിലും പ്രതിരോധിക്കാനെത്തി. മധ്യനിരയിൽ സിയാം ഹംഗൽ–കറേജ് പെകൂസൻ–കെസിറോൺ കിസീത്തോ–ജാക്കിചന്ദ് സിങ്ങ് എന്നിവരും അണിനിരന്നു.

ഡല്‍ഹി രണ്ടു മാറ്റങ്ങള്‍ വരുത്തി. പ്രതീക്‌ ചൗധരി, വിനീത്‌ റായ്‌ എന്നിവര്‍ക്കു പകരം ഗബ്രിയേല്‍ ചിചിറോയും റൗളിന്‍സണ്‍ റോഡ്രിഗസും എത്തി. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ഗയൂണ്‍ ഫെര്‍ണാണ്ടസിനും ടീമിന്റെ മുന്നേറ്റ നിരയിലെ പടക്കുതിര കാലു ഉച്ചെയ്‌ക്കും പകരക്കാരുടെ ബെഞ്ചിലാണ്‌ കോച്ച്‌ മിഗുവേല്‍ പോര്‍ച്ചുഗല്‍ സ്ഥാനം നല്‍കിയത്‌.

ഡൽഹിക്കെതിരെ ലാൽറുവാത്താരയുടെ മുന്നേറ്റം. ചിത്രം: ഐഎസ്എൽ)

ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ്‌ ടീമിൽ ആദ്യ മാറ്റം വരുത്തി. കാല്‍മസിലിനേറ്റ പരുക്ക്‌ കാരണം ബെര്‍ബറ്റോവിനു പകരം മാര്‍ക്ക്‌ സിഫ്നിയോസ്‌ എത്തി. സിഫ്നിയോസുമായി കൂട്ടിയിടിച്ചു പരുക്കേറ്റ ഡല്‍ഹി ഗോള്‍കീപ്പര്‍ സാബിയര്‍ ഇരുറ്റഗുനെയ്‌ക്കു പകരം അര്‍ണാബ്‌ ദാസ്‌ ശര്‍മ്മയും ഇറങ്ങി.

ഗോളുകൾ വന്ന വഴി

ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോൾ: ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടുമ്പോൾ കളിക്കു പ്രായം 12 മിനിറ്റു മാത്രം. ഹ്യൂമിന്റെ ഫിനിഷിങ് മികവിനൊപ്പം ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ വിലയേറിയ താരമായി വളരുന്ന കറേജ് പെകൂസന്റെ മികവു കൂടി അടയാളപ്പെടുത്തിയായിരുന്നു ഗോളിന്റെ പിറവി. മധ്യവരയ്ക്കു സമീപത്തുനിന്നും ലഭിച്ച പന്തുമായി ഇടതുവിങ്ങിലൂടെ പെകൂസന്റെ മുന്നേറുമ്പോൾ ഇയാൻ ഹ്യൂമും സമാന്തരമായി ഓടിക്കയറി. ഡൽഹി പ്രതിരോധം പൊളിച്ച് പോസ്റ്റിന് സമാന്തരമായി പെകൂസൻ പന്തു നീട്ടുമ്പോൾ ഹ്യൂം കൃത്യസ്ഥാനത്തുണ്ടായിരുന്നു. നിരങ്ങിയെത്തിയ ഹ്യൂമിനൊപ്പം പന്തും വലയ്ക്കുള്ളിൽ. സ്കോർ 1–0. ബ്ലാസ്റ്റേഴ്സ് മുന്നിൽ. സ്വന്തം ടീം ലീഡ് നേടി എന്നതിനേക്കാൾ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഹ്യൂമേട്ടൻ ഗോളടി മികവ് വീണ്ടെടുത്തതിലായിരുന്നു ആരാധകരുടെ സന്തോഷം.

ഡൽഹിയുടെ സമനില ഗോൾ: ഹ്യൂമേട്ടന്റെ ഗോളിൽ ലീഡു പിടിച്ച് ഇടവേളയ്ക്ക് കയറാമെന്ന് സ്വപ്നം കണ്ട ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് ഡൽഹിയുടെ സമനില ഗോൾ പിറന്നത് 44–ാം മിനിറ്റിൽ. ബ്ലാസ്റ്റേഴ്സ് ബോക്സിനു വെളിയിൽ ഡൽഹിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. റോമിയോ ഫെർണാണ്ടസ് ഉജ്വലമായി ഉയർത്തിവിട്ട പന്തിൽ ഡൽഹി ക്യാപ്റ്റൻ ഉയർന്നുചാടി തലവയ്ക്കുമ്പോൾ കയറി നിൽക്കണോ ഇറങ്ങി നിൽക്കണോ എന്ന സന്ദേഹത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ. പന്ത് കോട്ടാലിന്റെ ശിരസിൽ തട്ടി പോസ്റ്റിന്റെ വലതുമൂലയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ഗാലറിയിലെ മഞ്ഞപ്പട നിശബ്ദരായി. സ്കോർ 1–1.

ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ: ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആടിയുലഞ്ഞുപോയ ബ്ലാസ്റ്റേഴ്സ് നിരയെ അക്ഷരാർഥത്തിൽ ഉണർത്തിയാണ് ഹ്യൂം ടീമിന്റെ രണ്ടാം ഗോൾ നേടിയത്. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ഡൽഹി താരങ്ങൾ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിറപ്പിക്കുന്നതിനിടെ ലഭിച്ച അവസരം ഗോളിലേക്കെത്തിയതിന്റെ പൂർണ ക്രെഡിറ്റ് ഇയാൻ ഹ്യൂമിന് തന്നെ. ഇത്തവണയും ഗോളിന് വഴിയൊരുക്കി പെകൂസൻ സാന്നിധ്യമറിയിച്ചു. ത്രോയിൽനിന്ന് പെകൂസൻ നീട്ടിനൽകിയ പന്തുമായി ഡൽഹി പ്രതിരോധതാരങ്ങളോട് പോരിട്ട് ഹ്യൂമിന്റെ മുന്നേറ്റം. ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് കടന്ന് പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി ഹ്യൂം പന്തു പായിക്കുമ്പോൾ ഡൽഹി ഗോളി മുഴുനീളെ ഡൈവ്‍ ചെയ്തു. പന്തു പക്ഷേ അദ്ദേഹത്തിന്റെ നീട്ടിയ കരങ്ങളെയും കടന്ന് വലയിൽ വിശ്രമിച്ചു. ഗാലറി ആർത്തിരമ്പി. സ്കോർ 2–1.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ: അപ്രതീക്ഷിതമായി വഴങ്ങേണ്ടിവന്ന രണ്ടാം ഗോൾ ഡൽഹി നിരയെ ഉലച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു മൽസരത്തിന്റെ തുടർന്നുള്ള നിമിഷങ്ങൾ. ഡൽഹി സമ്മർദ്ദത്തിലായെന്ന് മനസിലാക്കി ഇടിച്ചുകയറിയ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ അതിന്റെ ഫലം ലഭിച്ചു. മധ്യവരയ്ക്ക് സമീപത്തുനിന്നും മൂന്നാം ഗോളിനായി പന്ത് നീട്ടി നൽകിയത് മാർക്ക് സിഫ്നിയോസ്. ഡൽഹി പ്രതിരോധ താരങ്ങളെ ഓടിത്തോൽപ്പിച്ച് ഹ്യൂം പന്ത് പിടിച്ചെടുക്കുമ്പോൾ മുന്നിൽ ഡൽഹി ഗോൾകീപ്പർ അർണബ്ദാസ് ശർമ മാത്രം. പന്ത് ലക്ഷ്യമിട്ട് കയറിയെത്തിയ ഗോൾകീപ്പറെ അനായാസം കീഴ്പ്പെടുത്തി ഹ്യൂം പന്ത് ചിപ് ചെയ്തു. ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്ത് നേരെ വലയിൽ. സ്കോർ 3–1. ടീമിന്റെ വിജയമുറപ്പിച്ച സന്തോഷത്തിൽ ഗാലറിയിൽ ആരാധകർ തുള്ളിച്ചാടി.