കൊച്ചിയെ നടുക്കിയ കൊള്ള: പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കും

കൊച്ചി ∙ രണ്ടു ദിവസത്തിനിടെ നഗരത്തിൽ രണ്ടിടത്ത് വീടാക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രതികളുമായി കേരളാ പൊലീസ് ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കു തിരിച്ചു. ട്രെയിനില്‍ കനത്ത സുരക്ഷയിലാണ് മൂന്നുപ്രതികളെ കൊണ്ടുവരുന്നത്. ഞായറാഴ്ച പുലര്‍ച്ചയോടെ ഇവര്‍ കേരളത്തിലെത്തും. 

ബംഗ്ലദേശുകാരൻ ഷെംസാദ്, ഡൽഹിയിൽ താമസിക്കുന്ന റോണി, അർഷാദ് എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. കവർച്ച ചെയ്തതിൽ ഒരു മാലയും ഏതാനും കമ്മലുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരെ ഞായറാഴ്ച കൊച്ചിയിലെത്തിക്കും. പശ്ചിമ ബംഗാളും ഡൽഹിയും ആന്ധ്രാപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങളിൽ ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കാനായത്. 

കൊച്ചി കവര്‍ച്ചയില്‍ മുഖ്യപ്രതി നൂര്‍ഖാന്‍

അതിനിടെ, കൊച്ചിയെ നടുക്കിയ കവർച്ചാക്കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി പുല്ലേപ്പടിയിലെ വീട്ടിൽ വയോധികനെ ബന്ദിയാക്കി അഞ്ച് പവനും എരൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും കവർന്ന കേസുകളിലാണ് മുഖ്യപ്രതി ഡൽഹി ദിൽഷൻ ജുഗിയിലുള്ള നൂർ‍ഖാൻ എന്ന നസീറാണെന്ന് വ്യക്തമായത്. ഇയാളെ പക്ഷേ, ഇപ്പോഴും പിടികൂടാനായിട്ടില്ല. കവർച്ചയ്ക്കായി  10 പേരെയും കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത് നൂർഖാനാണെന്നും വ്യക്തമായിട്ടുണ്ട്.

കൊച്ചിയിൽ ആക്രിപെറുക്കാനായാണ് നൂർഖാൻ എത്തിയത്. ഇടയ്ക്ക് വന്നും പോയുമായി രണ്ടു വർത്തോളം കൊച്ചിയിലുണ്ടായിരുന്നു. നൂർഖാനടക്കം 11 പേരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 10 പേരെ വിളിച്ചുകൂട്ടിയതും കവർച്ച ആസൂത്രണം ചെയ്തതും നൂർഖാനാണ്. ഇയാളെ ഇപ്പോഴും പിടികൂടാനായിട്ടില്ല.

ഡൽഹി പൊലീസിൻറെ സഹായത്തോടെ ഇതിനുള്ള ശ്രമം തുടരുകയാണ്.  കേസിൽ മാപ്പുസാക്ഷികളാക്കാമെന്ന് പറഞ്ഞ് ഡൽഹി പൊലീസിന്റെ സഹായത്തോടെ വിളിച്ചു വരുത്തിയാണ് മൂന്നു പ്രതികളെ പിടികൂടിയത്. നൂർഖാൻ ഉൾപ്പെടെയുള്ളവർക്കായുള്ള അന്വേഷണം തുടരുന്നു.