മഹാരാഷ്ട്രയിൽ 40 കുട്ടികളുമായി ബോട്ട് കടലിൽ മുങ്ങി; രണ്ടു മരണം, എട്ടു പേർക്കായി തിരച്ചിൽ

മഹാരാഷ്ട്രയിലെ ഡഹാണു തീരത്ത് അപകടത്തിൽപെട്ട ബോട്ട്. ചിത്രം എഎൻഐ

മുംബൈ∙ മഹാരാഷ്ട്രയിലെ ഡഹാണു കടൽത്തീരത്ത് 40 വിദ്യാർഥികളുമായി പോയ ബോട്ടു മുങ്ങി. അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരിച്ചു. ആറുപേരെ കാണാതായി. 32 വിദ്യാർഥികളെ രക്ഷപെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡും പ്രാദേശിക മൽസ്യത്തൊഴിലാളികളും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

ഡഹാണുവിലെ മസൂളി സ്വദേശികളായ സോണൽ ഭഗ്‍വൻ സുരതി, ജാൻവി ഹരീഷ് സുരതി എന്നിവരാണ് മരിച്ചതെന്ന് പൽഘാർ എസ്പി മഞ്ജുനാഥ് സിഗെ പറഞ്ഞു. പോണ്ട സ്കൂളിലെയും പർനകാ ജൂനിയർ കോളജിലെയും വിദ്യാർഥികളാണു ബോട്ടിലുണ്ടായിരുന്നത്. രാവിലെ 11.30 ഓടെയാണ് അപകടം. വിനോദയാത്രയുടെ ഭാഗമായിട്ടാണ് വിദ്യാർഥികളിവിടെയെത്തിയത്.

കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ, വിമാനങ്ങൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഡഹാണു തീരത്തുനിന്ന് 20 മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ് ഗാർഡ് വക്താവ് പറഞ്ഞു. ലൈഫ് ജാക്കറ്റുകൾ ധരിക്കാതെയാണ് കുട്ടികൾ ബോട്ടിൽ യാത്ര ചെയ്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.