എയർസെൽ – മാക്സിസ് കേസ്: കാർത്തി ചിദംബരത്തിന്റെ വീട്ടിൽ റെയ്ഡ്

ചെന്നൈ∙ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. എയർസെൽ – മാക്സിസ് കേസുമായി ബന്ധപ്പെട്ടാണു പരിശോധന. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

കഴിഞ്ഞ ഡിസംബർ ഒന്നിന് എൻഫോഴ്സ്മെന്റ് കാർത്തിയുടെ അടുത്ത സുഹൃത്തുക്കളുടെ ചെന്നൈയിലും കൊൽക്കത്തയിലുമുള്ള വസ്തുക്കൾ റെയ്ഡ് ചെയ്തിരുന്നു. സെപ്റ്റംബറിൽ കാർത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരിക്കേ, 2006ൽ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്ഐപിബി) നൽകിയ അനുമതിയുമായി ബന്ധപ്പെട്ടതാണു കേസ്. കാർത്തിക്കു ഗുരുഗ്രാമിലുണ്ടായിരുന്ന വസ്തു ഒരു ബഹുരാഷ്ട്ര കമ്പനിക്കു ‘കൈമാറി’ 2013ൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം.