അതിർത്തിയിൽ 15 പുതിയ ബറ്റാലിയനുകൾ; ഓരോ ബറ്റാലിയനിലും 1000 സൈനികർ

ന്യൂഡൽഹി∙ പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 പുതിയ ബറ്റാലിയനുകൾക്കു രൂപം നൽകുന്നു. അതിർത്തി രക്ഷാസേന (ബിഎസ്എഫ്), ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയുടെ കരുത്തു വർധിപ്പിക്കുന്നതിനായി പുതിയ ബറ്റാലിയനുകൾക്കു രൂപം നൽകുന്നതു സജീവ പരിഗണനയിലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഓരോ ബറ്റാലിയനിലും 1000 സൈനികർ വീതമുണ്ടാവും. ചൈനയുമായുള്ള അതിർത്തിയിൽ 47 പുതിയ സേനാ പോസ്റ്റുകൾ കൂടി സജ്ജമാക്കും. പുതിയ ബറ്റാലിയനുകളിൽ ആറെണ്ണം ബിഎസ്എഫിന്റേതായിരിക്കും; ഒൻപതെണ്ണം ഐടിബിപിയുടേതും. പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കടന്നുകയറ്റങ്ങൾ വർധിച്ച സാഹചര്യത്തിൽ, അതിർത്തി സുരക്ഷയ്ക്കു കൂടുതൽ ആൾബലം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.

പഞ്ചാബ്, ജമ്മു മേഖലകളിൽ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിലാണു ബിഎസ്എഫ് കാവൽ നിൽക്കുന്നത്. ഇന്ത്യ– ചൈന യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഐടിബിപി നിലയുറപ്പിച്ചിരിക്കുന്നു. ചൈനാ അതിർത്തിയിൽ സേനാ പോസ്റ്റുകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുള്ള നടപടിയും ഐടിബിപി സ്വീകരിക്കും.

അരുണാചലിലെ അപ്പർ സിയാങ് ജില്ലയിൽ ഡിസംബർ അവസാനവാരം അതിർത്തി ലംഘിച്ചു കടന്നുകയറിയ ചൈനീസ് സൈനികരെ തടഞ്ഞത് ഐടിബിപി ഭടന്മാരായിരുന്നു. ബംഗ്ലദേശിൽ നിന്നുള്ള ലഹരിമരുന്ന്, മനുഷ്യക്കടത്ത് എന്നിവ നേരിടുന്നതിനാണ് അസം, ബംഗാൾ അതിർത്തിയിൽ ബിഎസ്എഫിനു കൂടുതൽ ബറ്റാലിയനുകൾ അനുവദിക്കുന്നത്. ആകെ രണ്ടര ലക്ഷത്തോളം സേനാംഗങ്ങളാണു നിലവിൽ ബിഎസ്എഫിലുള്ളത്; ഐടിബിപിയിൽ 90,000 പേരും.

പാക്കിസ്ഥാനെതിരെ കടുത്ത നടപടി ആവശ്യം: ജന. റാവത്ത്

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം ചെറുക്കാൻ പാക്കിസ്ഥാനെതിരായ സൈനിക നടപടി ശക്തമാക്കേണ്ടതുണ്ടെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കിഴക്കൻ മേഖലയിൽ നിന്നുള്ള ഭീഷണി നേരിടാനാണ് അണ്വായുധങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് ഇന്ത്യയെ ഉന്നമിട്ട് പാക്ക് സൈനിക നേതൃത്വം വ്യക്തമാക്കിയതിനു പിന്നാലെയാണ്, ഇന്ത്യൻ കരസേനാ മേധാവിയുടെ പ്രതികരണം. പാക്കിസ്ഥാനെ നേരിടാൻ പുതിയ തന്ത്രങ്ങളും നീക്കങ്ങളും ആവശ്യമാണെന്നു റാവത്ത് ചൂണ്ടിക്കാട്ടി.

മേജർ ജനറൽ ആസിഫ് ഗഫൂർ (പാക്ക് സൈനിക വക്താവ്)

അതിർത്തി കടന്ന് ആക്രമിക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പരാമർശം നിരുത്തരവാദപരമാണ്. കിഴക്കൻ മേഖലയിൽ നിന്നുള്ള ഭീഷണി നേരിടാനുള്ളതാണു ഞങ്ങളുടെ പക്കലുള്ള അണ്വായുധങ്ങൾ.