കൊച്ചിയെ നടുക്കിയ കൊള്ള: പ്രതികളെ സഹായിച്ചയാൾ പിടിയിൽ

മോഷണപരമ്പരയിലെ പ്രതികളെ കൊച്ചിയിലെത്തിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ബെംഗളൂരു∙ കൊച്ചിയിൽ വീട്ടുകാരെ ബന്ദികളാക്കി വൻ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. പ്രതികളെ സഹായിച്ച ഷെമീമാണ് ബെംഗളൂരുവിൽ നിന്നു പിടിയിലായത്. അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി ഷെംസാദ് (30), ഡൽഹി സ്വദേശികളായ റോണി (18), അർഷാദ് (20) എന്നിവരെ കൊച്ചിയിലെത്തിച്ചു.

കവർച്ചയിൽ പ്രതികളെ സഹായിച്ചയാളാണ് മുഖ്യപ്രതി നൂർഖാൻ എന്ന നസീർഖാന്റെ മരുമകനായ ഷെമീം. കവർച്ചയ്ക്ക് ശേഷം നൂർഖാന്റെ മൊബൈൽ ഫോൺ ഷെമീമിന്റെ പക്കലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വഴി മറ്റു പ്രതികളിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം ഡൽഹിയിൽ അറസ്റ്റിലായ അർഷാദ്, ഷെഹ്സാദ്, റോണി എന്നിവരെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ അഞ്ചരയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിച്ച ഇവരെ തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ തിരിച്ചറിയിൽ പരേഡിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ട്രാൻസിറ്റ് വാറണ്ട് അനുസരിച്ച് പ്രതികളെ ചൊവ്വാഴ്ച ഹാജരാക്കിയാൽ മതി. എന്നാൽ എത്രയും വേഗം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം െചയ്യാനാണ് പൊലീസിന്റെ നീക്കം. മുഖ്യപ്രതി നൂർഖാൻ ബംഗ്ലാദേശിലേക്ക് കടന്നുവെന്നാണ് സംശയം. ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ബംഗാൾ - ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മറ്റൊരു പൊലീസ് സംഘം തിരച്ചിൽ നടത്തുന്നുണ്ട്.

ഡിസംബർ 15നു പുലർച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലർച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവർച്ച നടന്നത്. പുല്ലേപ്പടിയിലെ വീട്ടിൽ വയോധികയെ ബന്ദിയാക്കി അഞ്ചു പവനും എരൂർ എസ്എംപി കോളനി റോഡിലെ വീട്ടിൽ ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയും വീട്ടുകാരെ കെട്ടിയിട്ടും 54 പവനും 20,000 രൂപയുമാണു കവർന്നത്. ഇരു കവർച്ചയ്ക്കും പിന്നിൽ പ്രവർത്തിച്ചത് ഒരു സംഘം തന്നെയെന്ന് അന്നുതന്നെ പൊലീസിനു സൂചന ലഭിച്ചിരുന്നു. ബംഗാളും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു നടത്തിയ ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.