എനിക്കുമൊരു ജ്യേഷ്ഠനുണ്ട്; ശ്രീജിത്തിന്‍റെ സമരം മാതൃക: ടൊവിനോ

തിരുവനന്തപുരം ∙ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ്. സമൂഹമാധ്യമ കൂട്ടായ്മയുടെ ഭാഗമായെത്തിയ നൂറുകണക്കിന് യുവതീയുവാക്കൾക്കൊപ്പമാണ് ടൊവിനോയും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിയത്. ടൊവിനോയുടെ വികാരനിർഭരമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ടൊവിനോയുടെ പ്രസംഗത്തിൽനിന്ന്:

‘ഞാന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തിന്‍റേത്. ഏതാനും ദിവസം മുന്‍പാണ് ഇതേക്കുറിച്ച് അറിഞ്ഞത്. അറിഞ്ഞപ്പോള്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാതെ നേരിട്ടു വരണം എന്നുതോന്നി. എനിക്കു രാഷ്ട്രീയമില്ല. എന്തുപറഞ്ഞാലും എന്തുചെയ്താലും രാഷ്ട്രീയമാക്കുന്ന കാലമാണ്. എന്‍റേതു മനുഷ്യത്വത്തിന്‍റെ രാഷ്ട്രീയമാണ്. നല്ലത് ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് എന്‍റെ രീതി.

എനിക്ക് ഒരു ജ്യേഷ്ഠനുണ്ട്. ഒരു വയസ്സിന്‍റെ വ്യത്യാസമേയുള്ളൂ. അവനെ ആരു തൊട്ടാലും വെറുതെയിരിക്കാന്‍ എനിക്ക് കഴിയില്ല. അവനും അങ്ങനെ തന്നെ. ഇതൊക്കെ നോക്കുമ്പോള്‍ ശ്രീജിത്തിന്‍റെ സമരം മഹത്തായ മാതൃകയാണ്. ഇത്രകാലം ഈ സമരം മുന്നോട്ടുകൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല. താന്‍ ഇവിടെ വന്നു എന്നതുകൊണ്ട് ഈ സമരത്തിന്‍റെ പ്രാധാന്യം കൂടുതല്‍ പേര്‍ അറിയുമെങ്കില്‍ സന്തോഷം. കുറ്റവാളി ആരെന്ന് കോടതി തീരുമാനിക്കട്ടെ. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കണം.’– ടൊവിനോ പറഞ്ഞു.

നടി പ്രിയങ്കനായരും കഴിഞ്ഞദിവസം ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു.

പ്രിയങ്ക നായരുടെ വാക്കുകൾ:

‘ഒരു ഹാഷ്ടാഗിൽ ഒതുക്കാൻ തോന്നിയില്ല ശ്രീജിത്തിന്റെ ഈ പോരാട്ടത്തെ. ശ്രീജിത്തിന്റെ അത്രയുംപോലും പ്രതികരിക്കാൻ കഴിയാതെ പോകുന്ന എത്രയോ സാധാരണ മനുഷ്യർ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നുണ്ടാവും. അവർക്കൊക്കെ നീതി ലഭിക്കട്ടെ. ഇനിയും ശ്രീജിത്തുമാർ ഉണ്ടാവാതിരിക്കട്ടെ. സുകൃതം ചെയ്യണം ഇതുപോലെ ഒരു സഹോദരൻ ഉണ്ടാവാൻ. എല്ലാ പിന്തുണയും.

ഞാനിവിടെ തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന ആളാണ്. മാര്‍ ഇവാനിയോസ് കോളജിലാണ് പഠിച്ചത്. കോളജിലേക്ക് പോകുംവഴി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. അത് എന്നുമെന്നെ വിഷമിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തെപ്പറ്റി അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദ്ദേഹത്തെ നേരിട്ടുവന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കൂടെയുണ്ട്. ഇനിയും ഇതുപോലുള്ള ശ്രീജിത്തുമാര്‍ ഉണ്ടാകരുത്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്.’– പ്രിയങ്ക പറഞ്ഞു.

സമരമേറ്റെടുത്ത് സമൂഹമാധ്യമ കൂട്ടായ്മ

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ സമരം 765–ാം ദിവസത്തിലേക്കു കടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്രീജിത്തിന് പിന്തുണ അറിയിക്കുന്നവരുടെ എണ്ണം ഏറുകയാണ്. നിവിന്‍ പോളിയടക്കം നിരവധി താരങ്ങൾ ഈ യുവാവിനൊപ്പമുണ്ട്. ശ്രീജിത്തിന് ഐക്യദാർഢ്യവുമായി ഫെയ്സ്ബുക്ക് കൂട്ടായ്മ കൂറ്റന്‍ പ്രകടനം നടത്തി.

രാഷ്ട്രീയ സംഘടനകളുടെ ഭാഗമായവർ പോലും അവയുടെ പിൻബലമില്ലാതെയാണ് ശ്രീജിത്തിനു പിന്തുണ നൽകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയവർ ശ്രീജിത്തിനെ കണ്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞദിവസം അറിയിച്ചു.