ബഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം; 26 മരണം, 90 പേർക്ക് പരുക്ക്

ചാവേറാക്രമണം നടന്ന സ്ഥലത്തെ ദൃശ്യം. ചിത്രം: ട്വിറ്റർ

ബഗ്ദാദ്∙ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 90 പേർക്കു പരുക്കേറ്റു. സെൻട്രൽ ബഗ്ദാദിലെ തയ്യറൻ ചത്വരത്തിൽ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജോയിന്റ് ഓപറേഷൻസ് കമാൻഡ് വക്താവ് ജനറൽ സാദ് മാൻ പറഞ്ഞു.

ബഗ്ദാദിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് തയ്യറൻ ചത്വരം. ദിവസ ജോലിക്കാർ ഒത്തുകൂടുന്ന സ്ഥലമാണിത്. ഒട്ടേറെ ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.