യുഎഇ വിമാനം ഖത്തർ തടഞ്ഞെന്ന് ആരോപണം; നിഷേധിച്ച് ഖത്തർ

(Representative Image)

ദുബായ്/ ദോഹ∙ ബഹ്റൈനിലേക്കു പോയ തങ്ങളുടെ യാത്രാവിമാനത്തെ ഖത്തർ പോർവിമാനങ്ങൾ തടഞ്ഞെന്നു യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിസിഎഎ) ആരോപിച്ചു. എന്നാൽ ആരോപണം ഖത്തർ നിഷേധിച്ചു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ ആണു വിമാനം തടഞ്ഞെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണു നടന്നതെന്നും ജിസിഎഎ ആരോപിച്ചു.

ഈ റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തുന്ന വിമാനം ശരിയായ പാതയിലായിരുന്നെന്നും വ്യോമഗതാഗതം സംബന്ധിച്ച് എല്ലാ രാജ്യാന്തര അനുമതികളും ലഭ്യമായിരുന്നെന്നും അധികൃതർ പറഞ്ഞു. യുഎഇ പോർവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 21നും ജനുവരി മൂന്നിനും വ്യോമാതിർത്തി ലംഘിച്ചെന്നാരോപിച്ച് യുഎന്നിനു പരാതിയും നൽകിയിരുന്നു.