ബിജെപിയിലും വിള്ളലുണ്ടാക്കി തൊഗാഡിയ; പുസ്തകം പുറത്തിറങ്ങിയാൽ രാഷ്ട്രീയ ഭൂകമ്പം

ന്യൂഡൽഹി∙ ഗുജറാത്തിലെയും രാജസ്ഥാനിലെയും ബിജെപി സർക്കാരുകളും പൊലീസും തന്നെ വേട്ടയാടുന്നുവെന്നും ഏറ്റുമുട്ടലിൽ വധിക്കാൻ പദ്ധതിയിട്ടെന്നുമുള്ള വിഎച്ച്പി വർക്കിങ് പ്രസി‍ഡന്റ് പ്രവീൺ തൊഗാഡിയയുടെ പരസ്യ വിമർശനം സംഘപരിവാറിലെ വിള്ളൽ പ്രകടമാക്കി. നരേന്ദ്ര മോദി–തൊഗാഡിയ പോരിൽ മോദിയെ പിന്തുണയ്ക്കുന്ന ആർഎസ്എസിനും തലവേദനയാകുകയാണു തൊഗാഡിയ.

പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബിജെപി കേന്ദ്രനേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ആരോപണം. മോദി ഭരണത്തിൽ വിഎച്ച്പി നേതാവുപോലും ജീവനു ഭീഷണി നേരിടുന്നുവെന്നു തുറന്നടിക്കുന്ന രാഷ്ട്രീയ സാഹചര്യം ആർഎസ്എസ് നേതൃത്വത്തെയും ആശങ്കയിലാഴ്ത്തി.

ഐബി മുന്നറിയിപ്പ്

തൊഗാഡിയയുടെ പൂർത്തിയാക്കാറായ പുസ്തകം രാജ്യത്തു രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹിന്ദുത്വ പാർട്ടിയെന്ന ബിജെപിയുടെ അവകാശവാദം തകർക്കുന്നതാകും വെളിപ്പെടുത്തലുകളെന്നാണു സൂചന. കാൽനൂറ്റാണ്ടിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഹിന്ദുക്കളെ വഞ്ചിച്ചത് എങ്ങനെയെല്ലാം എന്നതാണു പ്രമേയം.

ഉന്നത ആർഎസ്എസ്–ബിജെപി നേതാക്കൾ ഉൾപ്പെട്ട രഹസ്യ ചർച്ചകളും ഒത്തുതീർപ്പു രാഷ്ട്രീയവുമൊക്കെ തുറന്നുകാട്ടുന്ന പുസ്തകം രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കാനാണു തൊഗാഡിയയുടെ പദ്ധതി. ബിജെപിക്കു വെല്ലുവിളിയാകുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാനാണു തൊഗാഡിയയെ കേസുകളിൽ കുടുക്കി ജയിലിലിടാനുള്ള നീക്കമെന്നാണു വിഎച്ച്പി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പിന്തുണയുമായി യോഗിയും ശിവരാജും

തൊഗാഡിയയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് ആദ്യം ഫോൺ ചെയ്തവർ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമാണെന്നത് വിവാദം ബിജെപിയിൽ സൃഷ്ടിക്കുന്ന തുടർചലനങ്ങളുടെയും സൂചനയാണ്. രാജസ്ഥാൻ പൊലീസിന്റെ നടപടിയിൽ അറിവോ പങ്കോ ഇല്ലെന്നു മുഖ്യമന്ത്രി വസുന്ധര രാജെയും തൊഗാഡിയയെ ഫോണിൽ അറിയിച്ചു.

തൊഗാഡിയയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് ആദിത്യനാഥ്. വിഎച്ച്പിയുടെ അയോധ്യ അജൻഡയ്ക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നതും യോഗിയാണ്. തൊഗാഡിയയുടെ ആത്മസുഹൃത്ത് സഞ്ജയ് ജോഷിക്കു ലൈംഗിക സിഡി വിവാദത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ സംരക്ഷിച്ചതു ശിവരാജ് സിങ് ചൗഹാനാണ്.

സിഡിയുടെ ഫോറൻസിക് പരിശോധനയിലൂടെ ജോഷിക്കു മധ്യപ്രദേശ് പൊലീസ് ക്ലീൻ ചിറ്റ് നൽകി. ഇതിനുശേഷം സഞ്ജയ് ജോഷിയെ ബിജെപിയിൽ തിരിച്ചെടുത്തെങ്കിലും മോദിയുടെ എതിർപ്പു കാരണം വീണ്ടും പുറത്താക്കുകയായിരുന്നു.

അയോധ്യ വെല്ലുവിളി

അയോധ്യ ശ്രീരാമക്ഷേത്ര നിർമാണം, കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനാ 370–ാം വകുപ്പു റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ വീണ്ടും പ്രക്ഷോഭ രംഗത്തിറങ്ങാനുള്ള വിഎച്ച്പി നീക്കം തടയാൻ ആർഎസ്എസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മൂന്നുമാസം മുൻപ് ആർഎസ്എസ് ഉന്നത നേതൃത്വം നടത്തിയ അഭ്യർഥന തൊഗാഡിയ നിരാകരിച്ചിരുന്നു.

സംഘപരിവാറിലെ അച്ചടക്കത്തെക്കാൾ പ്രധാനം ഹിന്ദുത്വ അജൻഡയാണെന്നു തൊഗാഡിയ ആർഎസ്എസ് നേതൃത്വത്തോടു നിലപാടെടുത്തു. രാമക്ഷേത്ര നിർമാണത്തിനായി പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്ന ആവശ്യവുമായി മാർച്ചിൽ പ്രക്ഷോഭമാരംഭിക്കാനാണു വിഎച്ച്പിയുടെ പദ്ധതി.

ഹാർദിക് പട്ടേൽ സൗഹൃദം

ഗുജറാത്തിലെ പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലുമായി തൊഗാഡിയയ്ക്കുള്ള സൗഹൃദമാണു മോദിയെ ഏറ്റവും പ്രകോപിപ്പിക്കുന്നത്. ആർഎസ്എസ് കുടുംബ പശ്ചാത്തലമുള്ള ഹാർദിക് പട്ടേലിനെ ബിജെപി വിരുദ്ധ പട്ടേൽ നേതാവായി രംഗത്തിറക്കിയതിൽ തൊഗാഡിയയ്ക്കുള്ള പങ്കിനെക്കുറിച്ചു മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഏറെ മുൻപേ ആർഎസ്എസിനോടു പരാതിപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി നേരിട്ട ശക്തമായ വെല്ലുവിളി തൊഗാഡിയയുടെ അണിയറനീക്കങ്ങളുടെ കൂടി ഫലമായാണെന്നാണു കേന്ദ്രനേതൃത്വം കരുതുന്നത്.