ഗുർമീതിന്റെ അനുയായികളുടെ ‘അഴിഞ്ഞാട്ടം’; ഹരിയാനയ്ക്ക് നഷ്ടം 126 കോടി

ചണ്ഡിഗഢ്∙ പീഡനക്കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിനു തടവുശിക്ഷ വിധിച്ചതിനെത്തുടർന്നുണ്ടായ കലാപത്തിൽ ഹരിയാനയ്ക്കു നഷ്ടമായത് 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25ന് പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതി ഗുർമീതിനു ശിക്ഷ വിധിച്ചതിനുപിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ സ്വകാര്യവ്യക്തികൾക്കും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. വിവിധ സർക്കാർ വകുപ്പുകൾക്കും നഷ്ടം സംഭവിച്ചു. സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായുള്ള അധിക പണച്ചെലവും ഇതിനു പുറമേയുണ്ട്.

നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഹരിയാന അഡ്വക്കേറ്റ് ജനറൽ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ സമർപ്പിച്ചു. അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ രവീന്ദർ സിങ് ധുൽ സമർപ്പിച്ച ഹർജി പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് പരിഗണിക്കുന്നത്.

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1,26,68,71,700 രൂപയാണു സംസ്ഥാനത്തിനുണ്ടായ നഷ്ടം. അക്രമബാധിത ജില്ലകളിൽ അംബാലയിലാണ് ഏറെ നാശനഷ്ടം - 46.84 കോടി രൂപ. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഇവിടെ സ്വകാര്യ പൊതുസമ്പത്തിനു നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

ദേര ആസ്ഥാനം സ്ഥിതിചെയ്യുന്ന സിർസയിൽ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട പഞ്ച്കുളയിൽ നാശനഷ്ടം 10.57 കോടിയാണ്. അക്രമത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ച്കുളയിൽ 36 പേരാണു കൊല്ലപ്പെട്ടത്.