ഹജ് സബ്സിഡി നിർത്തലാക്കൽ: പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ

കൊച്ചി ∙ ഹജ് സബ്സിഡി നിര്‍ത്തലാക്കിയതിനെതിരെ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കാനൊരുങ്ങി കേരളം. സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് 2022 വരെ സബ്സിഡി തുടരാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുമുന്‍പേ ഇതിനെ കഴുത്തു ഞെരിച്ചു കൊല്ലേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ടുപോകുന്നതും ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 

ഹജ് സബ്സിഡി നിർത്തലാക്കിയതിനെതിരെ കേരളത്തിൽനിന്ന് മുസ്‍ലിം ലീഗും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാനമെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണിതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ പ്രതികരണം. തീരുമാനം തിരുത്തിയില്ലെങ്കിൽ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. നേരത്തെ, ചില ഏജൻസികൾക്കു മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സർക്കാർ ഹജ് സബ്സിഡി നിർത്തലാക്കിയത്.