കമല മിൽസ് തീപിടിത്തം: മോജോസ് ബ്രിസ്റ്റോ പബ്ബ് ഉടമ യുഗ് തുല്ലി കീഴടങ്ങി

മുംബൈ∙ കമല മിൽസിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ മോജോസ് ബ്രിസ്റ്റോ പബ്ബ് ഉടമ യുഗ് തുല്ലി കീഴടങ്ങി. കേസിൽ പ്രതിചേർത്തതിനുപിന്നാലെ ഒളിവിൽപ്പോയ തുല്ലി എൻ.എം. ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ രാവിലെയെത്തി കീഴടങ്ങുകയായിരുന്നുവെന്നു മുംബൈ സെൻട്രൽ പൊലീസ് കമ്മിഷണർ എസ്. ജയകുമാർ അറിയിച്ചു. ഇയാളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നും കമ്മിഷണർ പറഞ്ഞു.

കമലാ മിൽസിലെ 1എബൗ പബ്ബിലുണ്ടായ അഗ്നിബാധയ്ക്കു കാരണം തൊട്ടടുത്തുള്ള മോജോയിലെ ഹുക്ക പാർലറിൽനിന്നുള്ള തീയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഉടമകളുടെ പേരുകൂടി എഫ്ഐആറിൽ രേഖപ്പെടുത്തിയത്. തുല്ലിയുടെ അറസ്റ്റോടെ മോജോസ് പബ്ബ് ഉടമകളെ എല്ലാവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. നേരത്തേ, മോജോ പബ്ബ് ഉടമയും മുൻ പുണെ കമ്മിഷണറുടെ മകനുമായ യുഗ് പാഠക്കിന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അന്നുമുതൽ ഒളിവിലായിരുന്ന തുല്ലിയെ ഞായറാഴ്ച ഹൈദരാബാദ് വിമാനത്താവളത്തിൽ ഭാര്യയ്ക്കൊപ്പം കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ അവിടെനിന്നു രക്ഷപ്പെട്ടു.

മുംബൈ ലോവർ പരേലിലെ പ്രധാന വാണിജ്യ സമുച്ചയമായ കമല മിൽസിലെ 1എബൗവ്, മോജോ ബിസ്ട്രോ അടക്കം മൂന്നു പബ്ബുകളിലുണ്ടായ തീപിടിത്തത്തിൽ 11 യുവതികളുൾപ്പെടെ 14 പേരാണു മരിച്ചത്. 19 പേർക്കു പരുക്കേറ്റു. ഡിസംബർ 28ന് അർധരാത്രിയോടെയാണു തീപിടിച്ചത്. മൂന്നു പബ്ബുകളിലായി 150ൽ അധികം പേർ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നു.