ചൈനാവിരുദ്ധ സാമ്രാജ്യത്വ അച്ചുതണ്ടിൽ ഇന്ത്യയും: കോടിയേരി ബാലകൃഷ്ണൻ

സിപിഎം എറണാകുളം ജില്ലാ സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ ചൈനയുടെയും ഉത്തരകൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണു സിപിഎമ്മിന് ആഭിമുഖ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോഷ്യലിസ്റ്റു പാതയിൽ അടിയുറച്ച് 2020 ആകുമ്പോഴേക്കും ദാരിദ്ര്യ നിർമാർജനത്തിനു ലക്ഷ്യമിടുന്നതായി ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പ്രഖ്യാപിച്ചതോടെ ചൈനയെ തകർക്കാൻ ജപ്പാൻ, ഒാസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചേർന്ന് അമേരിക്ക അച്ചുതണ്ടു രൂപീകരിച്ചിരിക്കുകയാണെന്നു സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

സോവിയറ്റു യൂണിയന്റെ തകർച്ചയോടെ സോഷ്യലിസ്റ്റു ചേരി ഇല്ലാതാവുമെന്നു സ്വപ്നം കണ്ട അമേരിക്ക, സോഷ്യലിസം ശക്തിപ്പെടുത്താൻ ലോകത്തെങ്ങും നടക്കുന്ന ശ്രമങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണു ചൈനക്കെതിരെയുള്ള അച്ചുതണ്ട്. ഉത്തരകൊറിയയെ ഇല്ലാതാക്കാൻ ദക്ഷിണകൊറിയയെ ആയുധമണിയിക്കുന്നു. ഇതുമൂലം വടക്കൻ കൊറിയയ്ക്കു സൈനിക ശക്തി വിപുലപ്പെടുത്തേണ്ടി വരുന്നു. സോഷ്യലിസ്റ്റു ചേരിയോടുള്ള ആഭിമുഖ്യം സിപിഎം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതേ നിലപാടുതന്നെയാണു വിയറ്റ്നാമിനോടും ക്യൂബയോടും പാർട്ടിക്കുള്ളത്.

ഇന്ത്യാ– ചൈന തർക്കമുണ്ടായപ്പോൾ അതു ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇഎംഎസ് നിലപാടെടുത്തപ്പോൾ അദ്ദേഹത്തെയും സിപിഎമ്മിനെയും ചൈനീസ് ചാരൻമാരെന്ന് ആക്ഷേപിച്ചു. അതേ ആരോപണം തന്നെയാണ് ഇപ്പോഴും ഉയരുന്നത്. സിപിഎം സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുടെയോ, ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെയോ അഭിപ്രായം അനുസരിച്ചു പ്രവർത്തിക്കുന്ന പാർട്ടിയല്ല. സ്വന്തം രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി സോഷ്യലിസത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്.

സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സദസ്സ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

സിപിഎം രാജ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്നവർ അവരുടെ സാമ്രാജ്യത്വ പക്ഷപാതിത്വമാണു വ്യക്തമാക്കുന്നത്. ബിജെപിയുടേതു സാമ്രാജ്യത്വ അനുകൂല നിലപാടാണ്. ഇന്ത്യ– ഇസ്രയേൽ ബന്ധം ശക്തിപ്പെടുത്തുകയും അമേരിക്കയുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യുന്ന ബിജെപി അതിനെതിരെ നിലപാടുള്ള സിപിഎമ്മിനെ രാജ്യദ്രോഹികൾ എന്നുപറഞ്ഞു ഒറ്റപ്പെടുത്താൻ നടക്കുന്ന ശ്രമം വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന് എന്നും ഒരേ നയം തന്നെയാണ്. സോഷ്യലിസത്തിനു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയുമുള്ള നിലപാടാണ് അതെന്നും കോടിയേരി പറഞ്ഞു.

രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തരകൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി വർധിപ്പിക്കുന്നതെന്നു കോടിയേരി കായംകുളം സമ്മേളനത്തിനിടയിലും പറഞ്ഞിരുന്നു. ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.

മികച്ച രീതിയിൽ അമേരിക്കയെ നേരിടുന്നത് ഉത്തരകൊറിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടും അഭിപ്രായപ്പെട്ടിരുന്നു. കിം ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാർട്ടി സമ്മേളന പ്രചാരണ ബോർഡുകളിൽ ഇടം പിടിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ ന്യായീകരണം. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകൾ പൊതുവെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിലാകുന്നില്ല. ഇക്കാര്യത്തിൽ കുറെക്കൂടി നല്ല സമീപനം ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. ഉത്തരകൊറിയ കടുത്ത അമേരിക്കൻ വിരുദ്ധ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇക്കാര്യത്തിൽ അമേരിക്കയുടെ സമ്മർദങ്ങളെ നല്ല രീതിയിൽ ചെറുത്തുനിൽക്കാൻ ഉത്തരകൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.