പൊലീസ് വേട്ടയാടുന്നു, വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ ശ്രമം: പ്രവീൺ തൊഗാഡിയ

പ്രവീൺ തൊഗാഡിയ മാധ്യമങ്ങളെ കണ്ടപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നു വിഎച്ച്പി വർക്കിങ് പ്രസി‍ഡന്റ് പ്രവീണ്‍ തൊഗാഡിയ. തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്ന തൊഗാഡിയയെ പിന്നീട് ഷാഹിബാഗിലെ പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഉടൻതന്നെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്നു കാര്യങ്ങൾ വിശദീകരിക്കാൻ തൊഗാഡിയ തന്നെ നേരിട്ടു മാധ്യമങ്ങൾക്കു മുൻപിലെത്തുകയായിരുന്നു. ഡ്രിപ്പ് കൈയിൽ കുത്തി, വീൽചെയറിൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയ തൊഗാഡിയ വികാരഭരിതനായാണു സംസാരിച്ചത്.

ഒരു ദശകത്തോളം പഴക്കമുള്ള കേസിന്റെ പേരിലാണു തന്നെ ലക്ഷ്യമിടുന്നത്. തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്യാനെത്തിയത്. രാജസ്ഥാനും ഗുജറാത്തും ഭരിക്കുന്നതു ബിജെപിയാണ്. തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് ഒരാൾ പറഞ്ഞു – പ്രവീൺ തൊഗാഡിയ വാർത്താസമ്മളനത്തിൽ വ്യക്തമാക്കി.

പത്തുവർഷം മുൻപു രാജസ്ഥാനിൽ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നൽകിയെന്ന കേസിൽ പ്രവീൺ തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാൻ പൊലീസ് ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ കാണാതായതു വിഎച്ച്പി – ബിജെപി സംഘർഷത്തിനും വഴിതുറന്നു. ഇതിനിടെ, അഹമ്മദാബാദിൽ വിഎച്ച്പി ആസ്ഥാനത്തുനിന്നു രാജസ്ഥാൻ പൊലീസ് സംഘം പ്രവീൺ തൊഗാഡിയയെ കസ്റ്റഡിയിലെടുത്തു സോല പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷമാണു രാവിലെ പത്തു മണിയോടെ തൊഗാഡിയയെ കാണാതായത്. താടി വച്ചൊരാൾക്കൊപ്പം തൊഗാഡിയ ഓട്ടോറിക്ഷയിൽ പോകുന്നതു കണ്ടതായും വിഎച്ച്പി പ്രവർത്തകർ പറയുന്നു. തൊഗാഡിയയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു സോല പൊലീസ് സ്റ്റേഷനു മുന്നിൽ പ്രകടനവും നടത്തി.

വൈരം മൂർച്ഛിക്കുന്നു

അതേസമയം, സംഘപരിവാറിനു തലവേദനയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രവീൺ തൊഗാഡിയയുമായുള്ള വൈരം മൂർച്ഛിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചില ബിജെപി സ്ഥാനാർഥികളെ തോൽപിക്കാൻ തൊഗാഡിയ ശ്രമിച്ചതായി നരേന്ദ്ര മോദി തെളിവുകൾ സഹിതം ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്, വിഎച്ച്പി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു തൊഗാഡിയയെ നീക്കണമെന്ന മോദിയുടെ ആവശ്യം ആർഎസ്എസ് നേതൃത്വം അംഗീകരിച്ചെങ്കിലും ഭുവനേശ്വറിൽ നടന്ന സമ്മേളനത്തിൽ തൊഗാഡിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആർഎസ്എസും മോദിയും പിന്തുണച്ച പാനലിനെ വൻ ഭൂരിപക്ഷത്തോടെ തോൽപിച്ചാണു തൊഗാഡിയയുടെ പാനൽ ജേതാക്കളായത്.

തൊഗാഡിയയെ ജയിലിലടയ്ക്കുമോ?

വിഎച്ച്പിയിൽ ആധിപത്യം തെളിയിച്ച പ്രവീൺ തൊഗാഡിയയെ രാജസ്ഥാനിൽ ജയിലിൽ അടയ്ക്കാൻ നരേന്ദ്ര മോദി കരുക്കൾ നീക്കുന്നുവെന്നാണ് ആരോപണം. പത്തു വർഷം മുൻപു രാജസ്ഥാനിൽ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നൽകിയെന്ന കേസിൽ അറസ്റ്റ് വാറന്റുമായി തൊഗാഡിയയെ കസ്റ്റഡിയിലെടുക്കാനാണു രാജസ്ഥാൻ പൊലീസ് സംഘം ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ പത്തു വർഷം മുൻപത്തെ കേസു പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നിരിക്കെ ബോധപൂർവം തൊഗാഡിയയെ ജയിലിൽ അടയ്ക്കാൻ അണിയറ നീക്കം നടക്കുന്നതായാണു വിഎച്ച്പി നേതൃത്വം ആരോപിക്കുന്നത്.