കവളപ്പാറയിൽ പുഴുക്കളെ കണ്ടത് മിൽമ പായ്ക്കറ്റിലല്ല: വിശദീകരണവുമായി അധികൃതർ

ഷൊർണൂർ ∙ കവളപ്പാറ എയുപി സ്കൂളിൽ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന പാലിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി മിൽമ അധികൃതർ രംഗത്ത്. മിൽമയുടെ പായ്ക്കറ്റുകളിലല്ല പുഴുക്കളെ കണ്ടെത്തിയതെന്ന് സ്ഥലം സന്ദർശിച്ച മിൽമ അസിസ്റ്റന്റ് മാനേജർ അരുൺ വ്യക്തമാക്കി. വൃത്തിഹീനമായ പാത്രത്തിലുണ്ടായിരുന്നു പുഴുക്കളോ പായ്ക്കറ്റുകൾ കൊണ്ടുവന്ന വാഹനത്തിൽനിന്നും വന്ന പുഴുക്കളോ ആകാം പാലിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മിൽമയുടെ പാൽ പായ്ക്കറ്റ് പാത്രത്തിൽ പൊട്ടിച്ചൊഴിച്ചപ്പോൾ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് സ്കൂള്‍ അധികൃതർ ഉത്തരമേഖലാ നൂൺ മീൽ ഓഫിസറെ വിവരം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മുഴുവൻ പായ്ക്കറ്റും പൊട്ടിച്ചു നോക്കിയപ്പോൾ അവയിലും പുഴുക്കളെ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിപ്രകാരം ആഴ്ചയിൽ രണ്ടു ദിവസം വിദ്യാർഥികൾക്കു പാൽ നൽകാറുണ്ട്.

എന്നാൽ, താൻ സ്ഥലത്ത് ചെല്ലുമ്പോൾ പാത്രത്തിൽ നേരത്തെ പൊട്ടിച്ചൊഴിച്ച പാലിൽ പുഴുക്കളുണ്ടായിരുന്നെന്നും എന്നാൽ പിന്നീടു പൊട്ടിച്ച പായ്ക്കറ്റുകളിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നും അരുൺ അറിയിച്ചു. ആദ്യം പൊട്ടിച്ച പാലിലാണ് പുഴുക്കളെ കണ്ടത്. അത് വൃത്തിഹീനമായ പാത്രത്തിൽ നേരത്തേ ഉണ്ടായിരുന്ന പുഴുക്കളാകാം. അല്ലെങ്കിൽ പാൽ വിതരണത്തിനെത്തിച്ചവർ പായ്ക്കറ്റുകൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചതിനെ തുടർന്ന് പായ്ക്കറ്റിൽ പറ്റിപ്പിടിച്ച പുഴുക്കളുമാകാം. സ്കൂൾ അധികൃതരുടെയും നൂൺ മീൽ ഓഫിസറുടെയും സാന്നിധ്യത്തിൽ പൊട്ടിച്ച ഒറ്റ പായ്ക്കറ്റിലും പ്രശ്നമുണ്ടായിരുന്നില്ല. നേരത്തെ പൊട്ടിച്ച പായ്ക്കറ്റുകളുടെ അതേ ബാച്ചിൽപ്പെട്ട, ഏതാണ്ട് അതേസമയത്ത് പായ്ക്ക് ചെയ്ത പാലിലും പിന്നീട് പരിശോധിച്ചപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല – അരുൺ പറഞ്ഞു.