‘അതിശയകരം’ ആ യാത്ര; സുഖോയ് പോർവിമാനത്തിൽ പറന്ന് പ്രതിരോധമന്ത്രി നിർമല

സുഖോയ് വിമാനയാത്രയ്ക്കൊരുങ്ങുന്ന പ്രതിരോധമന്ത്രി നിർമല സീതാരാമൻ.

ജോധ്പുർ∙ ഇന്ത്യയുടെ ദീർഘദൂര പോർവിമാനമായ സുഖോയ്–30 എംകെഐയിലേറിപ്പറന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. രാജസ്ഥാനിൽ വച്ചായിരുന്നു മന്ത്രിയുടെ കന്നിപ്പറക്കൽ. മുപ്പതു മിനിറ്റു നേരത്തെ യാത്രയ്ക്കൊടുവില്‍ തിരിച്ചിറങ്ങുമ്പോൾ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി പറക്കലിനെ വിശേഷിപ്പിച്ചതിങ്ങനെ– അതിശയകരം, അവിസ്മരണീയം!

സുഖോയ് യാത്രയ്ക്കു മുന്നോടിയായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ.

ജോധ്പുർ എയർബേസിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്. ജി–സ്യൂട്ട് ധരിച്ചു തയാറായ പ്രതിരോധമന്ത്രിക്ക് പൈലറ്റിന്റെ പിന്നിലെ സീറ്റിലായിരുന്നു സ്ഥാനം. യാത്രയ്ക്കു മുൻപ് വിമാനത്തെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും കോക്ക്പിറ്റിന്റെ പ്രവർത്തനങ്ങളുമെല്ലാം മന്ത്രിയോടു വിശദീകരിച്ചിരുന്നു. അൻപത്തിയെട്ടുകാരിയായ നിർമലയുമൊത്ത് ജോധ്പുറിന്റെ പടിഞ്ഞാറൻ ഭാഗത്തേക്കായിരുന്നു യാത്ര.

സുഖോയ് പോർവിമാന യാത്രയ്ക്കു ശേഷം പൈലറ്റിനൊപ്പം മന്ത്രി നിർമല സീതാരാമൻ.

തിരിച്ചിറങ്ങി വ്യോമസേന മേധാവികളുമായി നിർമല സീതാരാമൻ കൂടിക്കാഴ്ചയും നടത്തി. വ്യോമസേനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു മന്ത്രിയുടെ സന്ദർശം. പ്രസിഡന്റുമാരായ എ.പി.ജെ. അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലും മുൻപ് സുഖോയ് പോർവിമാനത്തിൽ യാത്രചെയ്തിട്ടുണ്ട്.