പെട്രോൾ വില നൂറിലേക്ക്; ദിവസേനയുള്ള വില നിര്‍ണയം മരവിപ്പിച്ചേക്കും

ന്യൂഡൽഹി ∙ രാജ്യാന്തരതലത്തില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ദിവസേനയുള്ള ഇന്ധനവില നിര്‍ണയം തല്‍ക്കാലം മരവിപ്പിക്കാന്‍ േകന്ദ്ര സര്‍ക്കാര്‍ നീക്കം. ദിവസവും പുതുക്കുന്ന ഇന്ധനവില നിര്‍ണയം തുടര്‍ന്നാല്‍ പെട്രോള്‍ വില ലീറ്ററിനു വൈകാതെ നൂറു രൂപ കടക്കുമെന്ന സാഹചര്യമാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 70 ഡോളറിനടുത്താണ്. ഒപെക് രാജ്യങ്ങളും റഷ്യയും ഈ വര്‍ഷം അവസാനിക്കും വരെ ഉൽപാദനം വര്‍ധിപ്പിക്കാനിടയില്ല. അതിനാല്‍ അസംസ്കൃത എണ്ണവില ഇക്കൊല്ലം ഇനിയും ഉയരുമെന്ന് രാജ്യാന്തര ഏജന്‍സികളും പ്രവചിക്കുന്നു. മുംബൈയില്‍ പെട്രോള്‍വില ലീറ്ററിന് 80 രൂപയ്ക്കടുത്തായി. കേരളത്തില്‍ 74 രൂപ പിന്നിട്ടു. ഈ നിലയ്ക്ക് ദിവസേന നിരക്ക് നിശ്ചയിക്കുന്നത് തുടര്‍ന്നാല്‍ പെട്രോള്‍ ലീറ്ററിനു വൈകാതെ 100 കടക്കുമെന്നാണ് അനുമാനം. ഡീസല്‍, പെട്രോള്‍ വിലകൾ തമ്മിലെ അന്തരം 10 രൂപയില്‍ താഴെയായി. കേരളത്തില്‍ ഡീസല്‍വില ലീറ്ററിനു 66 രൂപയ്ക്കു മുകളിലാണ്. ഡീസല്‍വില കുതിച്ചുയര്‍ന്നത് സകലമേഖലകളിലും വിലക്കയറ്റത്തിനിടയാക്കി.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങിയില്ലെങ്കില്‍ വരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പുകളില്‍ ജനരോഷം തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാരിനുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 11 തവണയാണ് നികുതി വര്‍ധിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ മാത്രമാണ് ലീറ്ററിനു രണ്ടുരൂപ കുറച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നടത്തിയ നികുതിവര്‍ധനയിലൂടെ ലക്ഷക്കണക്കിനു കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചു.

കേന്ദ്രം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിലപാടിനോട് യോജിപ്പില്ല. ഈ സാഹചര്യത്തില്‍ പഴയതുപോലെ 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുനര്‍നിര്‍ണയിക്കുന്ന രീതിയിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്.