ധാർഷ്ട്യത്തിന്റെ സംസാരം നിർത്തണം; ഇന്ത്യൻ സേനയോട് ചൈനീസ് മാധ്യമം

ബെയ്ജിങ് ∙ ഇന്ത്യൻ സൈന്യം ധാർഷ്ട്യം നിറഞ്ഞ സംസാരം നിർത്തണമെന്ന് ചൈനീസ് മാധ്യമങ്ങൾ. രാജ്യാന്തര നയതന്ത്രത്തിൽ അപക്വമായ നിലപാടുകളാണ് ഇന്ത്യയുടേത്. ഇന്ത്യയുമായുള്ള ഇടപെടലുകൾക്ക് ഒന്നിലധികം നിയമങ്ങൾ ആവശ്യമാണെന്നും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് മുഖപ്രസംഗം.

ദോക്‌ലാം സംഘർഷത്തിൽനിന്ന് ഇന്ത്യൻ സേനയ്ക്കു യാതൊന്നും പഠിക്കാൻ സാധിച്ചിട്ടില്ലെന്നാണു തോന്നുന്നത്. ഇന്ത്യ പ്രകോപനം തുടർന്നാൽ ചൈനീസ് സേനയിൽനിന്ന് കനത്ത തിരിച്ചടിയുണ്ടാകും. ചൈനയുമായുള്ള ഏറ്റുമുട്ടൽ തന്ത്രപ്രധാനമായ പല മേഖലകളിലും ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കും. ബെയ്ജിങ് കൊണ്ടുവന്ന നയം ഇന്ത്യ അംഗീകരിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഇന്ത്യ ചൈനീസ് അതിർത്തിയിലേക്ക് ശ്രദ്ധതിരിക്കേണ്ട സമയം ആഗതമായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ജനറൽ ബിപിൻ റാവത്ത് പറഞ്ഞിരുന്നു. കുറച്ചുനാളുകളായി പടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് ഞങ്ങൾ ശ്രദ്ധ പതിപ്പിച്ചു വന്നത്. ഇപ്പോൾ ഈ ശ്രദ്ധ വടക്കൻ അതിർത്തിയിലേക്ക് മാറ്റുന്നതിനുള്ള സമയം ആഗതമായിരിക്കുകയാണ്. വടക്കൻ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.