ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ‘ആശാന്റെ’ ടീം; ജംഷഡ്പുരിന്റെ ജയം 2-1 ന്

സഹതാരങ്ങൾക്കൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന ജെറി. ചിത്രം: ഐഎസ്എൽ

ജംഷഡ്പുർ ∙ തുടർച്ചയായ മൂന്നാം വിജയവും പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനവും ലക്ഷ്യമിട്ടെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ച് കോപ്പലാശാനും പിള്ളേരും. രണ്ട് തുടർ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായി ജംഷഡ്പുർ എഫ്സിയെ അവരുടെ മടയിൽ നേരിടാനെത്തിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഴയ ആശാന്റെ ടീം തകർത്തുവിട്ടത്. ജെറി മാവിങ്താങ്‌ക (23–ാം സെക്കൻഡ്), അഷിം ബിശ്വാസ് (30–ാം മിനിറ്റ്) എന്നിവരാണ് ആതിഥേയരുടെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ ഇൻജുറി ടൈമിൽ മാർക് സിഫ്നിയോസ് നേടി. വിജയത്തോടെ 10 മൽസരങ്ങളിൽനിന്ന് 13 പോയിന്റുമായി ജംഷഡ്പുർ ഏഴാം സ്ഥാനത്തേക്ക് കയറി. 11 മൽസരങ്ങളിൽനിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് തുടരുന്നു.

നിലയുറപ്പിക്കും മുൻപേ വഴങ്ങേണ്ടി വന്ന ആദ്യ ഗോളിന്റെ ക്ഷീണം മൽസരാവസാനം വരെ പിടികൂടിയതോടെയാണ് ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുന്ന തോൽവി വഴങ്ങിയത്. തകർത്തു കളിച്ച ജംഷഡ്പുരിനു മുന്നിൽ ആദ്യ പകുതിയിൽ തകർന്നു പോയെങ്കിലും രണ്ടാം പകുതിയിൽ താരതമ്യേന മികച്ച പ്രകടനമാണ് ടീം കാഴ്ച വച്ചത്. അതേസമയം, പോസ്റ്റിനു മുന്നിൽ ലക്ഷ്യം മറന്നതോടെ തോൽവി ഒഴിവാക്കാനാകാതെ പോയി. റെനി മ്യൂലൻസ്റ്റീൻ രാജിവച്ചതിനു പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഡേവിഡ് ജയിംസിനു കീഴിൽ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വഴങ്ങുന്ന ആദ്യ തോൽവി കൂടിയാണിത്. അതേസമയം, ഹോം ഗ്രൗണ്ടിൽ ജംഷഡ്പുരിന്റെ ആദ്യ വിജയവും.

ഗോളുകൾ വന്ന വഴി

ജംഷഡ്പുരിന്റെ ആദ്യ ഗോൾ: മൽസരത്തിന്റെ 23–ാം സെക്കൻഡിൽ നേടിയ ഗോളിൽ ജംഷഡ്പുർ എഫ്സി മുന്നിൽ. കളിക്കളം സജീവമാകും മുൻപ് പത്തൊൻപതു വയസ്സുകാരൻ ജെറി നേടിയ ഗോളിലാണ് ജംഷഡ്പുർ ലീഡ് നേടിയത്. മൽസരം തുടങ്ങിയതിനു തൊട്ടുപിന്നാലെ ജംഷഡ്പുർ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പ്രതിരോധം പിളർത്തി അഷിം ബിശ്വാസ് നൽകിയ തകർപ്പൻ പാസിൽ നിന്നായിരുന്നു ജെറിയുടെ ഗോൾ. സ്കോർ 1–0

ജംഷഡ്പുരിന്റെ രണ്ടാം ഗോൾ: ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസ് നേടിയ തകർപ്പൻ ഗോളിൽ ജംഷഡ്പുർ ലീഡ് വർധിപ്പിക്കുന്നു. 30–ാം മിനിറ്റിലായിരുന്നു ബിശ്വാസിന്റെ ഗോൾ. ജംഷഡ്പുരിന്റെ മികച്ചൊരു ആക്രമണത്തിനൊടുവിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ ശ്രമം പിഴയ്ക്കുന്നു. പന്ത് ലഭിച്ച അഷിം ബിശ്വാസിന്റെ ഷോട്ട് നേരെ വലയിൽ. സ്കോർ 2–0.

ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ: ഇൻജുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി മാർക്ക് സിഫ്നിയോസിലൂടെ ആശ്വാസ ഗോൾ. ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ വിങ്ങിൽനിന്ന് നൽകിയ ക്രോസിൽ തലവച്ച് മാർക്ക് സിഫ്നിയോസ് ലക്ഷ്യം കാണുന്നു. സ്കോർ 2–1.

ടീം അഴിച്ചുപണിത് ഡേവിഡ് ജയിംസ്

ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം ജയം തേടി ജംഷഡ്പുർ എഫ്സിയെ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ നാലു മാറ്റങ്ങളാണ് പരിശീലകൻ ഡേവിഡ് ജയിംസ് വരുത്തിയത്. കഴിഞ്ഞ മൽസരത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയ മാർക് സിഫ്നിയോസ്, ജാക്കിചന്ദ് സിങ്, റിനോ ആന്റോ, സുഭാശിഷ് റോയി ചൗധരി എന്നിവർ പുറത്തിരുന്നപ്പോൾ സി.കെ. വിനീത്, കരൺ സാഹ്‍നി, സാമുവൽ ശതബ്, പോൾ റെച്ചൂബ്ക എന്നിവർ മടങ്ങിയെത്തി.

കഴിഞ്ഞ രണ്ട് മൽസരത്തിലും ഗോൾ നേടിയ ഇയാൻ ഹ്യൂം ഇത്തവണയും ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയപ്പോൾ പോൾ റെച്ചൂബ്കയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തത്. പരുക്കുള്ള റിനോ ആന്റോയെ പുറത്തിരുത്തിയ പരിശീലകൻ സന്ദേശ് ജിങ്കാൻ, വെസ് ബ്രൗൺ, ലാൽറുവാത്താര എന്നിവർക്കൊപ്പം സാമുവൽ ശതബിനെ പ്രതിരോധത്തിന് നിയോഗിച്ചു. കറേജ് പെകൂസൻ–കെസിറോൺ കിസീത്തോ–മിലൻ സിങ് ത്രയം മധ്യനിരയിലും കളി മെനഞ്ഞു.

വിനയായി പരുക്ക്, ഫോമില്ലായ്മ

പരുക്കുമൂലം ദിമിറ്റർ ബെർബറ്റോവ്, റിനോ ആന്റോ എന്നിവരെ മൽസരത്തിനു മുൻപേ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് മൽസരത്തിനിടെ തോളിനു പരുക്കേറ്റ യുഗാണ്ടൻ‌ താരം കെസീറോൺ കിസീത്തോ തിരിച്ചുകയറിയതും തിരിച്ചടിയായി. രണ്ടു ഗോളിന് പിന്നിലായതിനു പിന്നാലെ ആദ്യ പകുതിയിൽത്തന്നെ പരുക്കേറ്റ് കയറിയ കിസീത്തോയ്ക്ക് പകരം ലോകൻ മിട്ടെയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് കളി തുടർന്നത്.

കഴിഞ്ഞ രണ്ടു മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഇയാൻ ഹ്യൂമിന് പതിവു ഫോമിലേക്കുയരാനാകാതെ പോയതും ബ്ലാസ്റ്റേഴ്സിനെ തിരിച്ചടിച്ചു. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തിയ ഏക നിമിഷം 20–ാം മിനിറ്റിലായിരുന്നു. ഇയാൻ ഹ്യൂമിന്റെ ഗോളെന്നുറപ്പിച്ച ഹെഡർ ഗോൾലൈൻ സേവിലൂടെ ജംഷഡ്പുർ താരം രാജു യുമ്നാം രക്ഷപ്പെടുത്തുന്ന കാഴ്ച അവിശ്വസനീയതോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ടിരുന്നത്.

അതേസമയം, രണ്ടാം പകുതിയിൽ നടത്തിയ ഭേദപ്പെട്ട പ്രകടനത്തിന് ഗോളിന്റെ തുകൽ ചാർത്താൻ ഇൻജുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നതോടെ ടീം അനിവാര്യമായ തോൽവി വഴങ്ങുകയും ചെയ്തു.