‘ഏകാന്തവാസം’ നിർത്തുന്ന ഉത്തര കൊറിയയ്ക്ക് സ്വാഗതം, ചർച്ച വേണമെങ്കിൽ കിം പറയണം: യുഎസ്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും

വാഷിങ്ടൻ∙ ശീതകാല ഒളിംപിക്സിൽ ദക്ഷിണ കൊറിയയ്ക്കൊപ്പം പങ്കെടുക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനം സ്വാഗതം ചെയ്ത് യുഎസ്. രാജ്യാന്തര തലത്തിലെ ‘ഏകാന്ത വാസം’ അവസാനിപ്പിക്കാനുള്ള ഉത്തര കൊറിയ ഭരണകൂടത്തിന്റെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്ന് യുഎസ് അറിയിച്ചു. ആണവ നിരായൂധീകരണത്തിലൂടെ മേഖലയിലെ ഒറ്റപ്പെടൽ ഉത്തര കൊറിയയ്ക്കു അവസാനിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. കൊറിയയിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പ്രതീക്ഷ നിലനിൽക്കുന്നതായും വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നിച്ച് മാർച്ച്പാസ്റ്റിൽ പങ്കെടുക്കുന്നത്  നടത്തുന്നത് ആദ്യ സംഭവമല്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിലൂടെ ഉത്തര കൊറിയയ്ക്കും അവരുടെ കായികതാരങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ രുചി മനസിലാകുമെന്നാണ് കരുതുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം ചർച്ച വേണമെങ്കിൽ ഉത്തരകൊറിയ ഏകാധിപതി കിം ജോങ് ഉൻ അതു പറയണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പ്രതികരിച്ചു. ചർച്ച സംബന്ധിച്ച വാർത്ത കേൾക്കാനാണ് കാത്തിരിക്കുന്നത്. എന്നാൽ അതിനായി കിമ്മിന്റെ പുറകെ പോകാൻ തയ്യാറല്ല. ശീതകാല ഒളിംപിക്സിൽ ഇരു കൊറിയകളും ഒരുമിച്ച് മാര്‍ച്ച് ചെയ്യാനുള്ള തീരുമാനം നല്ലതെന്നു പറഞ്ഞ റെക്സ് ടില്ലേഴ്സൺ യുഎസിനും സഖ്യരാഷ്ട്രങ്ങൾക്കും ആപ്പുവെക്കാനുള്ള ഉത്തര കൊറിയയുടെ പദ്ധതി യുഎസ് അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. 

ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ‌ ഇരു രാജ്യങ്ങളും ഒരു കൊടിക്ക് കീഴിൽ മാർച്ച് ചെയ്യാൻ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തീരുമാനിച്ചിരുന്നു. ഉത്തര, ദക്ഷിണ കൊറിയകൾ ഒറ്റ കൊടിക്കീഴിൽ ഒളിംപിക്സിൽ മാർച്ച് ചെയ്യുന്നത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത ടീമിനെ ഇറക്കാനും ട്രൂസ് ഗ്രാമത്തിലെ പൻമുൻജമിൽ നടന്ന ചർച്ചകളിൽ തീരുമാനമായി. രണ്ടു വർഷമായി പരസ്പരം ബന്ധമില്ലാതിരുന്ന കൊറിയകളാണ് അസാധാരണ സഹകരണത്തിന് തയാറായത്. പ്യൂങ്ചോങ്ങിൽ ഫെബ്രുവരി 9 മുതൽ 27 വരെയാണ് ഒളിംപിക്സ്.