ജനത്തെ സംരക്ഷിക്കേണ്ടത് സർക്കാർ, കോടതിയല്ല: ‘പത്മാവത്’ വിവാദത്തിൽ സുപ്രീംകോടതി

പത്മാവത് സിനിമയിൽ‌ ദീപിക പദുകോൺ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. സിനിമ രാജ്യത്തെ ക്രമസമാധാനം തകർക്കുമെന്ന് ആരോപിച്ച് എം.എൽ.ശർമ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

സിനിമ റിലീസ് ചെയ്താൽ രാജ്യത്തു കലാപമുണ്ടാകും. ജനങ്ങളെ ആക്രമണങ്ങളിൽനിന്നു രക്ഷിക്കാൻ വിലക്കേർപ്പെടുത്തണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ജനങ്ങളെ സംരക്ഷിക്കാനുള്ള ചുമതല സർക്കാരുകൾക്കാണെന്നും തങ്ങളുടെ ജോലി അതല്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. പത്മാവതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിശദമായ ഉത്തരവ് ഇറക്കിയതാണ്. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കാൻ സാധ്യമല്ലെന്നും കോടതി പറഞ്ഞു.

ഗൗരവമുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ്, നാലു സംസ്ഥാനങ്ങൾ കൊണ്ടുവന്ന നിരോധനം കോടതി ഒഴിവാക്കിയത്. ‘സിനിമ പരാജയപ്പെടാം, അല്ലെങ്കിൽ സിനിമ കാണേണ്ട എന്നു ജനങ്ങൾക്കു തീരുമാനിക്കാം. പക്ഷേ, ക്രമസമാധാനത്തിന്റെ പേരു പറഞ്ഞു സർക്കാർ സംവിധാനം ഉപയോഗിച്ചു പ്രദർശനം വിലക്കാനാവില്ല’– കോടതി വ്യക്തമാക്കി. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളാണ് ചിത്രം വിലക്കിയത്. ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും സമാന നിലപാടെടുത്തു. 

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അംഗീകരിച്ചതോടെയാണ് പ്രദർശനാനുമതി ലഭിച്ചത്. കൂടുതൽ വാദം കേൾക്കാൻ കേസ് മാർച്ചിലേക്കു മാറ്റി. 

സുപ്രീം കോടതി അനുമതി നൽകിയെങ്കിലും സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു രജപുത് കർണി സേനാ തലവൻ ലോകേന്ദ്ര സിങ് പ്രഖ്യാപിച്ചു. സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണു പ്രതിഷേധം. കഴിഞ്ഞദിവസം തിയറ്ററുകൾ നശിപ്പിച്ചിരുന്നു. ഈമാസം 25ന് സിനിമ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു.