മുത്തലാഖ് ബിൽ മുസ്‌ലിം കുടുംബങ്ങൾക്ക് വലിയ ദ്രോഹം ചെയ്യും: ഗുലാം നബി ആസാദ്

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്.

കോഴിക്കോട്∙ മുസ്‌ലിം വനിതകളെ സഹായിക്കാനാണെന്നു പറഞ്ഞു കൊണ്ടുവരുന്ന മുത്തലാഖ് ബിൽ ഫലത്തിൽ മുസ്‌ലിം കുടുംബങ്ങൾക്കു വലിയ ദ്രോഹം ചെയ്യുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. തൽക്ഷണ മുത്തലാഖ് മതപരമോ നിയമപരമോ അല്ലെന്നതു ശരിയാണെങ്കിലും അതു ക്രിമിനൽ കുറ്റമാക്കുന്നത് അംഗീകരിക്കാനാകില്ല. വിവാഹമെന്നതു സിവിൽ കരാറാകുമ്പോൾ വിവാഹമോചനം എങ്ങനെ ക്രിമിനൽ കുറ്റമാകും?– അദ്ദേഹം ചോദിച്ചു.

മുത്തലാഖ് ചൊല്ലുന്ന ഭർത്താവിനു മൂന്നുവർഷം തടവാണു ബില്ലിൽ നിർദേശിക്കുന്നത്. ഇതോടൊപ്പം ഭാര്യയ്ക്കും മക്കൾക്കും ചെലവിനു നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതു സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. ഭർത്താവിന്റെ മൂന്നുവർഷത്തെ തടവുകാലത്തു ഭാര്യയ്ക്കും മകൾക്കും ചെലവിനുനൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമോയെന്നു വ്യക്തമാക്കണമെന്നും ആസാദ് പറഞ്ഞു.