ന്യൂഡൽഹി∙ ഓംപ്രകാശ് റാവത്തിനെ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നിലവിൽ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ചുമതലയേൽക്കും.
നിലവിലെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എ.കെ.ജോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശ് എത്തുന്നത്. ജോതി തിങ്കളാഴ്ചയാണ് സ്ഥാനമൊഴിയുക. മധ്യപ്രദേശിൽ നിന്നുള്ള 1977 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഓംപ്രകാശ്.
2015ലാണ് തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തെത്തിയത്. അറുപത്തിനാലുകാരനായ ഇദ്ദേഹം കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും നിർണായക സ്ഥാനങ്ങളിൽ ചുമതല വഹിച്ചിട്ടുണ്ട്.
മുൻ സാമ്പത്തിക സെക്രട്ടറി അശോക് ലവാലയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷണറായി സ്ഥാനം നൽകിയിരുന്നു. ഇതോടെ കമ്മിഷനിലെ മൂന്ന് അംഗങ്ങളുടെയും നിയമനം പൂർത്തിയായി. സുനിൽ അറോറയാണ് മറ്റൊരംഗം.