Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതി പ്രതിസന്ധി: ജഡ്ജിമാരുമായി മൂന്നാംവട്ട ചർച്ചയ്ക്കു ചീഫ് ജസ്റ്റിസ്

Justices Kurian Joseph, Jasti Chelameswar, Ranjan Gogoi and Madan Lokur

ന്യൂഡൽ‍ഹി∙ സുപ്രീംകോടതിയിൽ തന്റെ പ്രവർത്തന രീതിയെ വിമർശിച്ച നാലു മുതിർന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വീണ്ടും ചർച്ചയ്ക്ക്. ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ് എന്നിവരുമായി ഇന്നു വൈകിട്ടാണു ചീഫ് ജസ്റ്റിസിന്റെ ചർച്ച.

വിമർശനമുന്നയിച്ചുള്ള വാർത്താസമ്മേളനത്തിനു പിന്നാലെ ഈ ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് രണ്ടു തവണ ചർച്ച നടത്തിയിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. രണ്ടാംതവണ കൂടിക്കണ്ടപ്പോൾ ജഡ്ജിമാർ ചില പരിഹാര നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും ‘പരിശോധിച്ചിട്ട് അറിയിക്കാം’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഇതിനു പിന്നാലെയാണു മൂന്നാം കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്.

ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ നടന്ന 15 മിനിറ്റു നീണ്ട ആദ്യചർച്ചയിൽ ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരും പങ്കെടുത്തിരുന്നു. കഴിഞ്ഞ 18ന് നടന്ന രണ്ടാം കൂടിക്കാഴ്ചയിൽ ജഡ്ജിമാരായ എ.കെ.സിക്രി, എൻ.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ സന്നിഹിതരായി.

സുപ്രീംകോടതിയിൽ പാലിച്ചുപോന്ന രീതിക്കു വിരുദ്ധമായി, സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നൽകുന്നതാണു ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാർ ഉന്നയിച്ച പ്രധാന നടപടിപ്പിഴവ്. സിബിഐ ജഡ്ജിയായിരുന്ന ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിച്ച ദിവസമാണു ജഡ്ജിമാർ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമർശിച്ചത്.