മുംബൈയില്‍ മൗനറാലിയുമായി പ്രതിപക്ഷം; എതിര്‍യാത്രയുമായി ബിജെപിയും

മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ റാലിയിൽനിന്ന്. ചിത്രം: എഎൻഐ

മുംബൈ ∙ റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ പ്രതിപക്ഷ പാർട്ടികളുടെ ഭരണഘടനാ സംരക്ഷണ റാലി. പ്രതിപക്ഷ ഐക്യം വിളിച്ചോതിയ റാലിയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ, ഇടത് നേതാക്കളായ സീതാറാം യച്ചൂരി, ഡി.രാജ തുടങ്ങിയവർ പങ്കെടുത്തു. 

കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ നേതാക്കൾക്കൊപ്പം വിമത ജെഡിയു നേതാവ് ശരദ് യാദവ്, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ തുടങ്ങിയവരും റാലിയുടെ ഭാഗമായി. ദക്ഷിണ മുംബൈയിലെ മൗന റാലിക്കു ശേഷം ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി. 

അതേസമയം, പ്രതിപക്ഷത്തിന്‍റെ റാലിക്ക് ബദലായി ബിജെപി തരംഗ് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ശിവസേന ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കവേ, ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കമാണ് റാലികൾ.