ഫോണിൽ സംസാരിച്ചു നടന്ന യുവാവിന് ചെന്നൈ വിമാനത്താവളത്തിൽ ദാരുണാന്ത്യം

ചെന്നൈ വിമാനത്താവളം

ചെന്നൈ∙ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥനായ ചെറുപ്പക്കാരനു ചെന്നൈ വിമാനത്താവളത്തിലെ പാലത്തിൽനിന്നു വീണു ദാരുണാന്ത്യം. ചൈതന്യ വുയുരു എന്നയാളാണ് മരിച്ചത്. ഫോണിൽ സംസാരിച്ചു ചൈതന്യ വുയുരു അപകടം നടന്ന മേഖലയിലൂടെ നടക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ഡിപ്പാർച്ചർ ഗേറ്റിന്റെ പാലത്തിനരികെ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം.

സുഹൃത്തിനെ കാണാനായി ചെന്നൈയിൽ എത്തിയതായിരുന്നു ചൈതന്യയെന്നു പൊലീസ് അറിയിച്ചു. രാവിലെ ബെംഗളൂരൂവിലേക്കു പോകാൻ ആഭ്യന്തര വിമാനം കയറാനെത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ഫോൺ തകർന്നതിനാൽ ചൈതന്യയുടെ ഇ–ടിക്കറ്റ് കണ്ടെത്താനായില്ല. സംഭവം ആത്മഹത്യയാണോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ ചൈതന്യ ബെംഗളൂരുവിൽ അക്സെൻച്വർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.