ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ ഇനി വിദേശ നിര്‍മിത വിദേശ മദ്യവും

തിരുവനന്തപുരം∙ ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിലൂടെ ഇനി വിദേശ നിര്‍മിത വിദേശ മദ്യവും. ചരിത്രത്തിലാദ്യമായി, വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വ്യാപാരവും വിപണനവും ഏറ്റെടുക്കാന്‍ ബവ്റിജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതോടെ വിദേശത്തെ മുന്തിയ ഇനം മദ്യങ്ങള്‍ ഇനി മുതല്‍ ബവ്റിജസ് ഔട്ട്ലറ്റിലും ലഭ്യമാകും. കോര്‍പ്പറേഷന്റെ രൂപീകരണത്തിനുശേഷം ഇതുവരെ വിദേശ നിര്‍മിത വിദേശമദ്യം വില്‍പ്പന നടത്തിയിരുന്നില്ല. വിദേശ നിര്‍മിത മദ്യത്തിന്റെ അനധികൃത വ്യാപാരം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു ബജറ്റിൽ തീരുമാനം പുറത്തുവന്നത്.

സംസ്ഥാന ബജറ്റ്: സമ്പൂർണ കവറേജ്

Read In English

വിദേശ നിര്‍മിത മദ്യത്തിന് ഇപ്പോള്‍ 150% കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു വില കൂടും. ഇക്കാരണത്താല്‍ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന നികുതി 78%. വിദേശ നിര്‍മിത വൈനിന്റെ നികുതി 25%. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചു.

നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതിനാലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതിനാലും തീരുമാനം ഉടന്‍ നടപ്പാകാനിടയില്ലെന്നു ബവ്കോ അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെയും ബിയറിന്റെയും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി 400 രൂപവരെ വിലയുള്ള മദ്യത്തിന് 200 ശതമാനമാക്കി. നിലവില്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാക്കി. നിലവില്‍ 135 ശതമാനമാണ്. ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറ് ശതമാനമാക്കി ഉയര്‍ത്തി. എംആര്‍പിയില്‍ വലിയ വ്യത്യാസം ഉണ്ടാകാനിടയില്ലെന്നാണു ബവ്കോ അധികൃതര്‍ പറയുന്നത്.

ഇപ്പോള്‍ ഈടാക്കിവരുന്ന സര്‍ചാര്‍ജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞു. പകരം തുല്യമായ രീതിയില്‍ വില്‍പ്പ നികുതി നിരക്ക് പരിഷ്കരിക്കും. സെസുകളിലൂടെ ഏര്‍പ്പെടുത്തുന്ന പണം വിവിധ വഴികളില്‍ ചെലവാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്നറിയുന്നു. നേരത്തെ ബാറുകളില്‍ ജോലി ചെയ്യുന്നവരെ പുനരധിവസിപ്പിക്കുന്നതിനു 5% സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഈ തുക വിതരണം ചെയ്യാത്തതിനെത്തുടര്‍ന്നു തൊഴിലാളികളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതും തീരുമാനത്തിനു പിന്നിലുണ്ട്. വലിയ വരുമാന വര്‍ധന ഇതിലൂടെ ഉണ്ടാകില്ലെന്നാണു ധനവകുപ്പ് പറയുന്നത്.